
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്റ്റീല്‍ ഉത്പാദനത്തില്‍ കുറവ് വന്നതായി വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം ഈ വര്‍ഷം ജനുവരിയില്‍ 3.26 ശതമാനം ഇടിഞ്ഞ് 9.288 മില്യണ്‍ ടണ്ണായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 9.591 മില്യണ്‍ ടണ്ണായിരുന്നു ക്രൂഡ് സ്റ്റീല്‍ ഉത്പാദനം എന്നും ആഗോള വ്യവസായ സ്ഥാപനം ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ജനുവരിയില്‍ 64 രാജ്യങ്ങളില്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 154.4 മില്യണ്‍ ടണ്ണായിരുന്നു. 2019 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.1 ശതമാനത്തിന്റെ വര്‍ധനയാണിത്. ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദന രാജ്യമായ ചൈന ജനുവരിയില്‍ 84.3 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
പരിഗണനയിലുള്ള കാലയളവില്‍ ജപ്പാന്‍ 8.2 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദിപ്പിച്ചു. എന്നാലിത് 2019 ജനുവരിയില്‍ നിന്ന് 1.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. ദക്ഷിണ കൊറിയയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം 2020 ജനുവരിയില്‍ 5.8 മില്യണ്‍ ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണുണ്ടായത്. ലോകത്തെ സ്റ്റീല്‍ ഉല്‍പാദനത്തിന്റെ ഏകദേശം 85 ശതമാനവും വേള്‍ഡ്സ്റ്റീല്‍ അംഗങ്ങള്‍ പ്രതിനിധീകരിക്കുന്നതാണ്. 10 വലിയ സ്റ്റീല്‍ ഉത്പാദക കമ്പനികളില്‍ 9 എണ്ണവും, ദേശീയ, പ്രാദേശിക സ്റ്റീല്‍ വ്യവസായ അസോസിയേഷനുകള്‍, സ്റ്റീല്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 160 ഓളം സ്റ്റീല്‍ ഉല്‍പാദകരാണ് വേള്‍ഡ്സ്റ്റീല്‍ അംഗങ്ങളായിട്ടുള്ളത്.