
രാജ്യത്തെ ക്രിപ്റ്റോകറന്‍സി വിനിമയത്തിന് ഉടന്‍ പച്ച വെളിച്ചം തെളിഞ്ഞേക്കുമെന്ന് സൂചന. നികുതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ പേമെന്റുകള്‍ക്ക് ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഡിജിറ്റല്‍ കറന്‍സികളുടെ വിനിമയം സംബന്ധിച്ച ബില്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. ക്രിപ്റ്റോകറന്‍സികളുമായി ബന്ധപ്പെട്ട നികുതി സംബന്ധിച്ച് തീരുമാനമാകേണ്ടതുണ്ടെന്നതിനാല്‍ വിവിധ നടപടികള്‍ക്ക് ശേഷമായിരിക്കും അവയ്ക്ക് അംഗീകാരം നല്‍കുക. ഓരോ ക്രിപ്റ്റോകളും ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയടിസ്ഥാനമാക്കിയായിരിക്കും നികുതി നിശ്ചയിക്കപ്പെടുക. അതേസമയം ഓരോ നാണയങ്ങളുടെയും ഉപഭോഗത്തെയും അടിസ്ഥാനപ്പെടുത്തിയാകും സര്‍ക്കാര്‍ ഇക്കാര്യം നിശ്ചയിക്കുകയെന്നാണ് അറിയുന്നത്.
രാജ്യത്തെ ക്രിപ്റ്റോകറന്‍സി നിക്ഷേപകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇത്. ബ്ലോക്ക്ചെയിന്‍ അധിഷ്ടിതമായ സാങ്കേതികവിദ്യയായതിനാല്‍ തന്നെ ഈ വിഭാഗത്തിലുള്ള പരിജ്ഞാനം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിവിധ സംരംഭങ്ങളിലേക്ക് ഇനി വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെ നിക്ഷേപം ഉള്‍പ്പെടെയുള്ളവ തടസ്സരഹിതമായി എത്തുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പതിവു കച്ചവട രീതികളില്‍ നിന്ന് ഇ-കൊമേഴ്സിലേക്കുള്ള മാറ്റത്തേക്കാള്‍ സങ്കീര്‍ണവും ദൂരവ്യാപകവുമാണ് സാധാരണ കറന്‍സിയില്‍ നിന്ന് ക്രിപ്റ്റോകറന്‍സിയിലേക്കുള്ള (ഡിജിറ്റല്‍ നാണയം) മാറ്റം. ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളില്‍ ക്രിപ്റ്റോകള്‍ പൊതു കറന്‍സിയായി അംഗീകരിച്ച് കഴിഞ്ഞു. ഈ കഴിഞ്ഞയാഴ്ചയാണ് അമേരിക്കയിലെ ഹോണ്ടുറാസില്‍ ക്രിപ്റ്റോകള്‍ക്കായുള്ള എടിഎം തുറന്നത്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ബിറ്റ്കോയിനും എഥേറിയവുമാണ് ഇതിലൂടെ വിനിമയം ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ ക്രിപ്‌റ്റോകള്‍ വിപണിയിലേക്ക് വന്നാല്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കമ്പനികള്‍ക്കായിരിക്കും കൂടുതല്‍ നേട്ടമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ വിരല്‍ചൂണ്ടുന്നത്.