ക്രിപ്‌റ്റോ നിക്ഷേപത്തില്‍ വന്‍ മുന്നേറ്റം; വ്യാപാരത്തില്‍ ഇന്ത്യാക്കാര്‍ മുന്നില്‍

November 05, 2021 |
|
News

                  ക്രിപ്‌റ്റോ നിക്ഷേപത്തില്‍ വന്‍ മുന്നേറ്റം; വ്യാപാരത്തില്‍ ഇന്ത്യാക്കാര്‍ മുന്നില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ പ്രതിസന്ധി അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും മിക്കവര്‍ക്കും സംശയമുണ്ട്. എന്നാല്‍ ക്രിപ്‌റ്റോ, ഓഹരികളക്കാള്‍ മിന്നുന്ന നേട്ടം ഇപ്പോള്‍ നിക്ഷേപകര്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സികളില്‍ ഇപ്പോള്‍ ഏറ്റവുമധികം വ്യാപാരം നടത്തുന്നത് ഇന്ത്യാക്കാരാണ്. രാജ്യത്തെ നിരവധി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ ക്രിപ്‌റ്റോകളില്‍ ട്രേഡിങ് നടത്താന്‍ അനുവദിക്കുന്നുണ്ട്.

നിക്ഷേപകരില്‍ നിന്ന് ഒന്‍പത് കോടി ഡോളര്‍ സമാഹരിച്ചതിലൂടെ കോയിന്‍ ഡിസിഎക്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി മാറിയിരുന്നു. സെപ്റ്റംബറില്‍ കോയിന്‍ സ്വിച്ച് കുബേറില്‍ രജിസ്റ്റര്‍ ചെയ്തത് ഒരു കോടി നിക്ഷേപകരാണ്. രജിസ്റ്റര്‍ ചെയ്ത് 15 മാസത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ഒന്നായി മാറിയിരിക്കുകയാണിത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ വര്‍ധിക്കുന്നതോടെ രാജ്യത്ത് നിരവധി എന്‍ജിനിയര്‍മാരെയും ആവശ്യമുണ്ട്. പ്രത്യേകിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരെ.

എക്‌സ്‌ഫെനൊ എന്ന ഒരു റിക്രൂട്ടിങ് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ മാത്രം 10,000 തൊഴില്‍ അവസരങ്ങളാണ് ഇപ്പോഴുള്ളത്. ക്രിപ്‌റ്റോ കറന്‍സി രംഗത്ത് വിദഗ്ധരെ തേടി ആഗോള കമ്പനികളും ഇന്ത്യയില്‍ എത്തുന്നുണ്ട്.കോയിന്‍ ബേസ് ഹൈദരാബാദില്‍ പ്രത്യേക സാങ്കേതിക വിദ്യാ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എന്‍ജിനിയര്‍മാരെ മാത്രമല്ല പ്രോഡക്റ്റ് ഡിസൈനേഴ്‌സിനെയും, ഡാറ്റ , ടാലന്റ് എന്‍ജിനിയര്‍മാരെയും ഒക്കെ കമ്പനിക്ക് ആവശ്യമുണ്ടെന്ന് അധികൃതര്‍ ജൂലൈയില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ക്രിപ്‌റ്റോ ഇടപാടുകള്‍ വേഗത്തിലാക്കാനും ബയേഴ്‌സിനും സെല്ലേഴ്‌സിനും ഇടയില്‍ തടസമില്ലാത്ത സേവനങ്ങള്‍ നല്‍കാനും മികച്ച സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള എന്‍ജിനിയര്‍മാരെ ആവശ്യമുണ്ടെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന സുരക്ഷയിലെ ക്രിപ്‌റ്റോ വാലറ്റുകള്‍ നിക്ഷേപകര്‍ക്കായി തയ്യാറാക്കേണ്ടതാണ് മറ്റൊരു ദൗത്യം. എന്തായാലും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ക്രിപ്‌റ്റോ രംഗം ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. മുംബൈ, ബെംഗളൂരു, ഗുരുഗാവ് തുടങ്ങിയ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉള്ളത്. ബ്ലോക്ക് ചെയിന്‍ സ്‌പെഷിലിസ്റ്റുകള്‍, സെക്യൂരിറ്റി എന്‍ജിനിയര്‍മാര്‍, റിപ്പ്ള്‍എക്‌സ് ഡെവലപ്പര്‍, ബാക്ക് എന്‍ഡ് ഡെവലപ്പര്‍ തുടങ്ങിയ തസ്തികകളിലുമുണ്ട് അവസരങ്ങള്‍.

Related Articles

© 2025 Financial Views. All Rights Reserved