ബിറ്റ്കോയിന് പുറമെ മൂല്യമുയര്‍ത്തി എഥേറിയം; മൂല്യം 4000 ഡോളര്‍ മറികടന്നു

May 11, 2021 |
|
News

                  ബിറ്റ്കോയിന് പുറമെ മൂല്യമുയര്‍ത്തി എഥേറിയം; മൂല്യം 4000 ഡോളര്‍ മറികടന്നു

ന്യൂഡല്‍ഹി: ബിറ്റ്കോയിന് പുറമെ മൂല്യമുയര്‍ത്തി എഥേറിയം. എഥേറിയം അല്ലെങ്കില്‍ എഥര്‍ എന്നറിയപ്പെടുന്ന ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്കോയിന് പിറകെ രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ ഇത്തവണ എഥര്‍ ആണ് വലിയ നേട്ടം കൊയ്തിരിക്കുന്നത്. എഥേറിയത്തിന്റെ മൂല്യം നാലായിരം ഡോളര്‍ മറികടന്നു എന്നതാണ് ക്രിപ്റ്റോകറന്‍സി മേഖലയില്‍ നിന്നുള്ള വാര്‍ത്ത. ആദ്യമായാണ് എഥറിന്റെ മൂല്യം ഇത്രയധികം വര്‍ദ്ധിക്കുന്നത്. 2.9 ലക്ഷത്തിലധികം വരും ഇത്. എഥറിന്റെ ഒരു യൂണിറ്റിന്റെ മൂല്യമാണിത്.

മൂല്യം ഉയര്‍ന്നതോടെ എഥറിന്റെ മൊത്തം വിപണി മൂല്യത്തിലും വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മൊത്തം വിപണി മൂലധനം 450 ബില്യണ്‍ ഡോള്‍ ആയി എന്നാണ് കണക്ക്. ഏതാണ്ട് 33 ലക്ഷം കോടി ഇന്ത്യന്‍ രൂപ! ബിറ്റ്കോയിന്റെ മൂല്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. അതോടെ മറ്റ് ക്രിപ്റ്റോകറന്‍സികളിലേക്കും നിക്ഷേപങ്ങള്‍ ഒഴുകാന്‍ തുടങ്ങി. അതിന്റെ ഗുണഫലം ഏറ്റവും അധികം ലഭിച്ചത് എഥേറിയത്തിനാണ്. ഒരു വര്‍ഷം കൊണ്ട് മൂല്യത്തിലുണ്ടായ വര്‍ദ്ധന 450 ശതമാനം ആണ്!

നാലായിരം ഡോളര്‍ മറികടന്ന എഥര്‍ 4,097.36 ഡോളര്‍ മൂല്യം വരെ എത്തിയിരുന്നു. ഒരുവേള 4,131 ഡോളര്‍ വരേയും മൂല്യം ഉയര്‍ന്നിരുന്നു. മൂല്യത്തില്‍ 3.9 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ ഈ ഒരു മുന്നേറ്റത്തിന് സ്ഥിരതയുണ്ടാകുമോ എന്ന ആശങ്ക, ചില നിക്ഷേപകര്‍ പങ്കുവയ്ക്കുന്നുണ്ട്.

ബിറ്റ്കോയിന്റെ മൂല്യത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 0.8 ശതമാനം ആണ് വര്‍ദ്ധിച്ചത്. ഒരു യൂണിറ്റിന് 58,879.45 ഡോളര്‍ വരെ ആണ് എത്തിയത്. ബിറ്റ് കോയിന്‍ കഴിഞ്ഞ ഏപ്രില്‍ 14 ന് റെക്കോര്‍ഡ് മൂല്യത്തില്‍ എത്തിയിരുന്നു. ഒരു യൂണിറ്റിന് 64,804.72 ഡോളര്‍ എന്നതാണ് ബിറ്റ്കോയിന്റെ ഇതുവരെയുള്ള റെക്കോര്‍ഡ് മൂല്യം.

ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ്കോയിന്‍. അതിനോട് മത്സരിക്കാന്‍ എന്തായാലും ഇപ്പോള്‍ ആരുമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് 450 ശതമാനം വളര്‍ച്ച നേടിയ എഥറിന്, അധികം വൈകാതെ തന്നെ ബിറ്റ്കോയിന് ഒപ്പമെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്.

Related Articles

© 2025 Financial Views. All Rights Reserved