
ന്യൂഡല്‍ഹി: വലിയ ചാഞ്ചാട്ടങ്ങളിലൂടെയാണ് ക്രിപ്റ്റോ വിപണി കടന്നുപോകുന്നത്. വ്യാഴാഴ്ച്ചയും സമ്മിശ്ര വികാരം മുന്‍നിര ക്രിപ്റ്റോ കോയിനുകളില്‍ കാണാം. ഏറ്റവും പ്രചാരമേറിയ പത്തില്‍ ആറ് ഡിജിറ്റല്‍ ടോക്കണുകളും നഷ്ടത്തിലാണ് ഇന്ന് ചുവടുവെയ്ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ ചിത്രം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഡോജ്കോയിന്‍, കാര്‍ഡാനോ, ബൈനാന്‍സ് കോയിന്‍, യുഎസ്ഡി കോയിന്‍ എന്നിവര്‍ മാത്രമേ നേട്ടത്തില്‍ ഇടപാടുകള്‍ നടത്തുന്നുള്ളൂ. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ചൈന വിലക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണി ഒന്നടങ്കം താഴോട്ടുപോയത്.
വൈകാതെ ഇ-സിഎന്‍വൈ എന്ന പേരില്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി ചൈന പുറത്തിറക്കും. 2022 -ലെ ബീജിങ് വിന്റര്‍ ഒളിമ്പിക്സിന് മുന്നോടിയായാകും ഇത് ലഭ്യമാവുക. എന്തായാലും ചൈനയുടെ കടുംപിടുത്തത്തില്‍ ബിറ്റ്കോയിനാണ് വലിയ നഷ്ടം ഏറ്റുവാങ്ങുന്നത്. ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്റ്റോ കറന്‍സിയെന്ന് അറിയപ്പെടുമ്പോഴും ബിറ്റ്കോയിന്‍ ഗുരുതരമായ വീഴ്ച അടുത്തകാലത്തായി കുറിക്കുന്നു. മെയ് മാസത്തെ തിരുത്തലിനെ തുടര്‍ന്ന് ബിറ്റ്കോയിന്‍ 50 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.
കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് മൊത്തം ക്രിപ്റ്റോ വിപണിയുടെ മൂല്യം 1.35 ലക്ഷം കോടി ഡോളറില്‍ നിന്നും 1.7 ലക്ഷം കോടി ഡോളറായി ചുരുങ്ങി. അതായത് ഏകദേശം 20 ശതമാനം തകര്‍ച്ചയിലൂടെയാണ് വിപണി കടന്നുപോകുന്നത്. ബിറ്റ്കോയിന്‍ മൈനിങ്ങിന് ചൈന വിലക്കേര്‍പ്പെടുത്തിയ സംഭവം വിപണിക്ക് ക്ഷീണം ചെയ്യുന്നുണ്ടെങ്കിലും പിന്‍വാങ്ങല്‍ താത്കാലികം മാത്രമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ നിരീക്ഷണം. രണ്ടാം പാദത്തിലെ ഓപ്ഷന്‍സ് കരാറുകള്‍ ജൂണ്‍ അവസാന വാരം തീരാനിരിക്കെ ഡിജിറ്റല്‍ കോയിനുകള്‍ നില മെച്ചപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു. 2.3 ബില്യണ്‍ ഡോളറിന്റെ ഓപ്ഷന്‍സ് കരാറുകള്‍ക്കാണ് തിരശ്ശീല വീഴാനിരിക്കുന്നത്.
നിലവില്‍ പോള്‍ക്കഡോട്ട് ഡിജിറ്റല്‍ കറന്‍സികളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മറ്റു കറന്‍സികളെ അപേക്ഷിച്ച് വിലയിലും വിപണി മൂല്യത്തിലും ആരോഗ്യകരമായ മുന്നേറ്റമാണ് പോള്‍ക്കഡോട്ട് കണ്ടെത്തിയത്. വിപണി ഒന്നടങ്കം നിലംപതിക്കുമ്പോഴും ഉയര്‍ന്ന തോതിലുള്ള വാങ്ങലുകളും കുറഞ്ഞ തോതിലുള്ള വില്‍പ്പനയും പിന്തുണനിലയില്‍ കൈവരിക്കാന്‍ പോള്‍ക്കഡോട്ടിന് സാധിക്കുന്നു.