
ക്രിപ്റ്റോ കറന്‍സി രൂപ പോലെ ഉപയോഗിക്കണമെങ്കില്‍ അത് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്നവ ആയിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നമ്മള്‍ അവയെ കറന്‍സി എന്ന് വിളിക്കുന്നുണ്ടെങ്കിലും അവ അങ്ങനെ അല്ല. നികുതി ചുമത്തുക എന്നതിനര്‍ത്ഥം നിയമ സാധുത നല്‍കലല്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ആര്‍ബിഐ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് കേന്ദ്രം നികുതി ചുമത്തില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്ഥികള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. കൂടാതെ ഒരു ശതമാനം ടിഡിഎസും നല്‍കണം. ഒരു വ്യക്തി മറ്റൊരാള്‍ക്ക് ക്രിപ്റ്റോ കൈമാറുമ്പോള്‍ ആ സമയത്ത് അയാള്‍ നല്‍കേണ്ട നികുതിയാണ് ടിഡിഎസ്. ഈ നികുതി കുറച്ചുബാക്കിയുള്ള തുക ആയിരിക്കും മറ്റേ ആള്‍ക്ക് ലഭിക്കുക. താമസിയാതെ ക്രിപ്റ്റോ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സമഗ്ര ബില്ലും കേന്ദ്രം അവതരിപ്പിച്ചേക്കും.
അതേസമയം നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ക്രിപ്റ്റോയെ അംഗീകരിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍. ടിഡിഎസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ക്രിപ്റ്റോ ഇടപാടുകള്‍ കൃത്യമായി ട്രാക്ക് ചെയ്യാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന് സഹികോയിന്‍ കോ-ഫൗണ്ടര്‍ മെല്‍ബിന്‍ തോമസ് പറയുന്നു. ക്രിപ്റ്റോയെ സംബന്ധിച്ച തെറ്റിദ്ധാരണങ്ങള്‍ മാറുന്നതിനും അവയെ പ്രത്യേക ആസ്ഥിയായി പരിഗണിക്കുന്നതിനും നടപടി ഗുണം ചെയ്യുമെന്നും മെല്‍വിന്‍ ചൂണ്ടിക്കാട്ടി.
കൈവശം വെക്കുന്ന കാലാവധി പറയാതെ, എല്ലാത്തരം ഇടപാടിനും 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയതില്‍ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് നിരാശയുണ്ടെന്ന് ആര്‍എസ്എം സ്ഥാപകന്‍ സുരേഷ് സുരാന പറഞ്ഞു. ക്രിപ്റ്റോ കൈമാറ്റത്തില്‍ നഷ്ടമുണ്ടായാല്‍ യാതൊരു ഇളവും ലഭിക്കുന്നില്ലെന്നും സുരാന ചൂണ്ടിക്കാട്ടി. നികുതി വ്യവസ്ഥയക്ക് കീഴില്‍ കൊണ്ടുവരുന്നതോടെ ക്രിപ്റ്റോ സേവനങ്ങള്‍ നല്‍കാന്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് സാധിക്കുമെന്ന് വസീറെക്സ് സിഇഒ നിഷാല്‍ ഷെട്ടി വ്യക്തമാക്കി.