സിഎസ്ബി ബാങ്കിന്റെ രണ്ടാം പാദഫലം പുറത്ത്; 302 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

October 19, 2020 |
|
News

                  സിഎസ്ബി ബാങ്കിന്റെ രണ്ടാം പാദഫലം പുറത്ത്; 302 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം

കോവിഡ് കാലത്ത് ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കി മുന്നേറുകയാണ് രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള ബാങ്കുകളിലൊന്നായ സിഎസ്ബി ബാങ്ക്. സെപ്റ്റംബര്‍ 30-ന് അവസാനിച്ച അര്‍ധ വര്‍ഷത്തില്‍ 301.9 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്കിനുള്ളത്. രണ്ടാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 172.8 കോടി രൂപയുമാണ്.

പ്രതിസന്ധി ഘട്ടത്തില്‍ വീട്ടുപടിക്കല്‍ സ്വര്‍ണ വായ്പ എത്തിക്കാനായതിലൂടെ സ്വര്‍ണ പണയ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ 3,367 കോടി രൂപയുടെ സ്ഥാനത്ത് 4,949 കോടി രൂപയുടെ ബിസിനസാണ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ നടത്തിയതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്ത് 47 ശതമാനം വളര്‍ച്ച നേടാനായതായി ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സി വി ആര്‍ രാജേന്ദ്രന്‍  പറഞ്ഞു. നിക്ഷേപങ്ങളുടേയും വായ്പയുടേയും കാര്യത്തില്‍ 10 ശതമാനത്തിലേറെ വളര്‍ച്ച നേടിയ തങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും അറ്റ പലിശ വരുമാനം, നിഷ്‌ക്രിയ ആസ്തികള്‍, ചെലവ്-വരുമാന അനുപാതം തുടങ്ങി പ്രധാന മേഖലകളിലെല്ലാം തങ്ങള്‍ക്കു വളര്‍ച്ചയുണ്ടാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹന വായ്പാരംഗത്തു കോവിഡിനു മുമ്പ് പ്രതിമാസം 1000 വാഹന വായ്പകള്‍ ലഭ്യമാക്കിയിരുന്ന സ്ഥാനത്ത് നിലവില്‍ 2000ലേറെ വായ്പകളാണ് ലഭ്യമാക്കുന്നത്. കേരളം , തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പയ്ക്കും, സൂക്ഷ്മ, ചെറു ഇടത്തരം വ്യവസായ മേഖലയ്ക്കുള്ള വായ്പകളിലും വന്‍വളര്‍ച്ചയുണ്ടായിട്ടുള്ളതായി അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരളത്തില്‍ മൈക്രോഫിനാന്‍സിനായി പ്രത്യേക ശാഖ ആരംഭിച്ചിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ഈ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കോവിഡ് കാലയളവില്‍ കൂടുതല്‍ ശാഖകളാരംഭിക്കും. ഇതിനായി കൂടുതല്‍ തൊഴില്‍ സേനയെ നിയമിക്കാന്‍ ഒരുങ്ങുകയാണെന്ന് രാജേന്ദ്രന്‍ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved