
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 175.5 കോടി രൂപ അറ്റാദായമുണ്ടാക്കി. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തില്‍ 53.1 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 28.1 കോടി രൂപയായിരുന്നു അറ്റാദായം. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 484.3 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179 ശതമാനം വര്‍ധനവാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ 160.5 ശതമാനം വര്‍ധനവോടെ 182.4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചിട്ടുണ്ട്.
അറ്റ പലിശയുടെ കാര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 53.1 ശതമാനം വര്‍ധനവോടെ 665.7 കോടി രൂപ എന്ന നിലയിലും എത്താനായിട്ടുണ്ട്. വായ്പകളില്‍ നിന്നുള്ള വരുമാനം 10.72 ശതമാനത്തില്‍ നിന്ന് 10.98 ശതമാനത്തിലേക്ക് ഉയരുകയും നിക്ഷേപങ്ങളുടെ ചെലവ് 5.91 ശതമാനത്തില്‍ നിന്ന് 4.91 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.
പലിശ ഇതര വരുമാനം 113.6 ശതമാനം വര്‍ധനവോടെ 288.5 കോടി രൂപയിലെത്തിയതായും നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 2020 സെപ്റ്റംബര്‍ 30-ലെ 387 കോടി രൂപയില്‍ നിന്ന് 2020 ഡിസംബര്‍ 31-ന് 235 കോടി രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. 3.04 ശതമാനമായിരുന്ന മൊത്തം നിഷ്‌ക്രിയ ആസ്തി 1.77 ശതമാനമായും താഴ്ന്നു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.30 ശതമാനത്തില്‍ നിന്ന് 0.68 ശതമാനമായും താഴ്ന്നിട്ടുണ്ട്. മൂലധന പര്യാപ്തതാ നിരക്ക് 2020 സെപ്റ്റംബര്‍ 30-ലെ 19.69 ശതമാനത്തില്‍ നിന്ന് 2020 ഡിസംബര്‍ 31-ന് 21.02 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.