
ഇന്ത്യയില്‍ ജീരക വില കുതിച്ചുയരുന്നു. ഉല്‍പാദനം മൂന്നില്‍ ഒന്നായി കുറഞ്ഞതോടെ ജീരകത്തിന്റെ വില മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ഗുജറാത്തിലെ ഉന്‍ജാ വിപണിയില്‍ കിലോക്ക് 180 രൂപയില്‍ നിന്ന് 215 രൂപയായി വര്‍ധിച്ചു. പ്രധാന ഉല്‍പ്പാദക കേന്ദ്രങ്ങളായ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ജീരകത്തിന്റെ വില ഇടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുകിലേക്കും, പയറ് വര്‍ഗങ്ങളിലേക്കും തിരിഞ്ഞതാണ് ജീരക ലഭ്യത കുറയാന്‍ കാരണം.
കുരുമുളക് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് ജീരകം. മൊത്ത ആഗോള ഉല്‍പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയുടെ പങ്കാണ്. മൊത്തം ഉല്‍പാദനത്തിന്റെ 35 ശതമാനം വരെ കയറ്റുമതി ചെയ്യപ്പെടുന്നു. സിറിയ, തുര്‍ക്കി, യുഎഇ എന്നിവയാണ് മറ്റ് ഉല്‍പ്പാദക രാഷ്ട്രങ്ങള്‍.
2021 ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ജീരകം വിതയ്ക്കുന്ന വേളയില്‍ കടുകിന്റെ വില 43 ശതമാനം ഉയര്‍ന്ന് കിലോക്ക് 74 രൂപയായി. പയറു വര്‍ഗങ്ങള്ക്ക് 35 ശതമാനം വാര്‍ഷിക വില വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജീരകത്തിന്റെ ശരാശരി വില കിലോക്ക് 163 രൂപയില്‍ നിന്ന് 125 രൂപയായി താഴ്ന്നു.
ജീരകത്തിന്റെ വിലയിടിവും കടുക്, പയറ് വര്‍ഗങ്ങളുടെ വില വര്‍ധനവും നിലവിലെ ജീരക ഉല്‍പാദന പ്രതിസന്ധിയിലേക്ക് നയിച്ചു. ലോക വിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. ഏപ്രില്‍ മാസം ജീരകത്തിന്റെ അന്താരാഷ്ട്ര വില 50 ശതമാനം ഉയര്‍ന്ന് കിലോക്ക് 190 രൂപ വരെ എത്തിയിട്ടുണ്ട്. ജീരകത്തിന്റെ ഉല്‍പ്പാദനം കുറഞ്ഞതോടെ ഇന്ത്യയുടെ കയറ്റുമതിയില്‍ 2021-22 ല്‍ (ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ ) 35 ശതമാനം ഇടിവ് ഉണ്ടായി. പ്രധാന ഉപഭോക്തൃ രാജ്യമായ ചൈനയിലേക്കുള്ള കയറ്റുമതി 51 ശതമാനം കുറഞ്ഞു.