
ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കറന്‍സികളുടെ കണക്കുകള്‍ ധന മന്ത്രാലയം പുറത്തുവിട്ടു. ധനമന്ത്രി നിര്‍മ്മല സീതാരമനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 21.71 ട്രില്യണ്‍ രൂപയാണെന്നാണ് ധനമന്ത്രാലയം പറയുന്നത്. 2019 മെയ് മാസം അവസാനം വരെയുള്ള കണക്കുകളാണിത്. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ കറന്‍സി വ്യന്യാസം 22 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രാജ്യത്താകെ പ്രചാരത്തിലുള്ള മൂല്യമുള്ള നോട്ടുകളുടെ കണക്കുകളാണിത്.
2016 നവംബര്‍ നാല് വരെ 17,74,187 കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണ് കണക്കുകള്‍ പ്രകാരം വിനിമയത്തില്‍ ഉണ്ടായിരുന്നത്. നോട്ട് അസാധുവാക്കലന് മുന്‍പുള്ള കണക്കുകളാണിത്. അതേസമയം 2019 മെയ്മാസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ 21,71,385 കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്താകെ പ്രചാരത്തിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ബോധ്യപ്പെടുത്തുന്നത്. 2014 ഒക്ടോബറിന് ശേഷം രാജ്യത്തെ വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തില്‍ വന്‍വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. 14.51 ശതമാനത്തിന്റെ വളര്‍ച്ചയാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം രാജ്യത്ത് കറന്‍സി ഇടപാടുകള്‍ കുറച്ച് ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ കള്ളപ്പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ 2016 നേക്കാള്‍ വര്‍ധനവുണ്ടായെന്നാണ് സര്‍ക്കാര്‍ പറയുന്നത്.