
മുംബൈ: രാജ്യത്ത് വിനിമയത്തിനായി വിപണിയിലുള്ളത് 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍. നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയിലെ റിസര്‍വ് ബാങ്ക് കണക്കനുസരിച്ചാണിത്. പത്തു വര്‍ഷത്തിനിടയില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ ഏറ്റവും ഉയര്‍ന്നനില കൂടിയാണിത്. 2016 നവംബറില്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നോട്ടിടപാടുകള്‍ കുറയ്ക്കുക കൂടി ലക്ഷ്യമാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അന്ന് 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയായിരുന്നു വിനിമയത്തിലുണ്ടായിരുന്നത്. എന്നാല്‍, നാലുവര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ 54 ശതമാനം (പത്തുലക്ഷം കോടി രൂപയ്ക്കടുത്ത്) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഡിജിറ്റല്‍ ഇടപാടുകളിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഒക്ടോബറില്‍ യു.പി.ഐ. ഇടപാടുകളുടെ എണ്ണം ആദ്യമായി 200 കോടി കവിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഇതുവരെ 22.4 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞവര്‍ഷമിത് 12.6 ശതമാനം മാത്രമായിരുന്നു. ദീപാവലി ഉള്‍പ്പെടെ ഉത്സവകാല വിപണിയുടെ ആവശ്യം കണക്കാക്കി നവംബര്‍ 13-ന് അവസാനിച്ച ആഴ്ചയില്‍ 43,846 കോടി രൂപയുടെ പുതിയ കറന്‍സി വിപണിയിലെത്തിച്ചതായി ആര്‍.ബി.ഐ. പറയുന്നു. സെപ്റ്റംബര്‍ 11-ന് അവസാനിച്ച ആഴ്ചയിലാണ് വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യം 26 ലക്ഷം കോടി കടന്നത്. 2020 മാര്‍ച്ച് 31-ന് ഇത് 24.47 ലക്ഷം കോടി രൂപയായിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമാക്കി നടത്തുന്ന സര്‍ക്കാരിന്റെ കടപ്പത്ര ലേലങ്ങളും സാമ്പത്തിക പാക്കേജുകളുമാണ് വിനിമയത്തിലുള്ള കറന്‍സിയുടെ അളവില്‍ വര്‍ധനയുണ്ടാകാനുള്ള കാരണങ്ങളിലൊന്ന്. മികച്ച കാലവര്‍ഷം ലഭിച്ചതുവഴി കാര്‍ഷികമേഖലയിലുണ്ടായ ഉണര്‍വും കോവിഡ് ലോക്ഡൗണിനുശേഷം വിപണിയില്‍ ഉപഭോഗം ഉയര്‍ന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പണം കൈവശം സംഭരിക്കുന്നതാണ് മറ്റൊരു കാരണം. ഇന്ത്യയില്‍ മാത്രമല്ല, ബ്രസീല്‍, ചിലി, റഷ്യ, തുര്‍ക്കി തുടങ്ങി പല രാജ്യങ്ങളിലും സമാനമായ രീതിയില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ അളവ് ഉയരുന്നുണ്ടെന്ന് ഐ.എം.എഫിന്റെ കണക്കുകളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.