ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടി രാധാകിഷന്‍ ദമാനി

August 19, 2021 |
|
News

                  ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടി രാധാകിഷന്‍ ദമാനി

ഡി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകിഷന്‍ എസ് ദമാനി ലോകത്തെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബര്‍ഗ് പട്ടികയില്‍ 98-ാം സ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിനു പുറമെ, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാന്‍സ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടര്‍ ഓഹരികളില്‍ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ല്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തതിനുശേഷം അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ വിപണി മൂല്യത്തില്‍ ആറിരട്ടിയാണ് വര്‍ധനവുണ്ടായത്. 39,813 കോടി രൂപയില്‍ നിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയര്‍ന്നത്.

വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോഴുണ്ടായ ഓഹരി വില വര്‍ധനവിനെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളില്‍ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാര്‍ ഹില്‍സില്‍ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരു മുറി അപ്പാര്‍ട്ടുമെന്റില്‍ നിന്നായിരുന്നു തുടക്കം.

Related Articles

© 2025 Financial Views. All Rights Reserved