
പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ ഡാബര്‍, പതഞ്ജലി, സാണ്ടു എന്നിവ ഉള്‍പ്പെടുള്ളവ തേനില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി. ചൈനീസ് പഞ്ചസാര സിറപ്പ് ആണ് ഈ കമ്പനികള്‍ തേനില്‍ ചേര്‍ക്കുന്നത്. ഇത് ചേര്‍ക്കുന്നത് വഴി തേനിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) ഗവേഷകര്‍ വെളിപ്പെടുത്തി.
13 ബ്രാന്‍ഡുകളുടെ സംസ്‌കരിച്ചതും അസംസ്‌കൃതവുമായ തേന്‍ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മിക്കവാറും എല്ലാ തേന്‍ ബ്രാന്‍ഡുകളും പഞ്ചസാര സിറപ്പ് ഉപയോഗിക്കുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ എല്ലാ ആരോപണങ്ങളും നിരസിച്ച ഡാബര്‍, പതഞ്ജലി, സാന്‍ഡു തുടങ്ങി ബ്രാന്‍ഡുകള്‍ തങ്ങളുടെ തേന്‍ ഉല്‍പന്നങ്ങളില്‍ മായം ചേര്‍ത്തിട്ടില്ലെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം ലഭിച്ചിട്ടുള്ളതായും അവകാശപ്പെട്ടു.
കൊറോണ വൈറസ് സമയത്ത് തേന്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടും ഉത്തരേന്ത്യയിലെ തേനീച്ച വളര്‍ത്തലില്‍ ലാഭം കുറഞ്ഞതോടെയാണ് സംഘടന അന്വേഷണം ആരംഭിച്ചതെന്ന് സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു. 2003 ല്‍ കണ്ടെത്തിയതിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ മായം ചേര്‍ക്കുന്നവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ വളരെയധികം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണിയില്‍ വില്‍ക്കുന്ന തേനില്‍ ഭൂരിഭാഗവും പഞ്ചസാര സിറപ്പ് ഉപയോഗിച്ച് മായം ചേര്‍ക്കുന്നതായാണ് ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍, തേനിന് പകരം ആളുകള്‍ കൂടുതല്‍ പഞ്ചസാര കഴിക്കുന്നു. ഇത് കൊവിഡ് -19 ന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. പഞ്ചസാര കഴിക്കുന്നത് അമിതവണ്ണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഗവേഷണ പ്രകാരം കണ്ടെത്തിയ 'ചൈനീസ് പഞ്ചസാര' ന്യൂക്ലിയര്‍ മാഗ്‌നെറ്റിക് റെസൊണന്‍സ് (എന്‍എംആര്‍) എന്ന പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. പരീക്ഷിച്ച 13 ബ്രാന്‍ഡുകളില്‍, എപിസ് ഹിമാലയ ഒഴികെ മിക്കവാറും എല്ലാ ബ്രാന്‍ഡുകളും അടിസ്ഥാന പരിശുദ്ധി പരീക്ഷണങ്ങളില്‍ വിജയിച്ചിട്ടുണ്ട്.
ഈ ബ്രാന്‍ഡുകള്‍ എന്‍എംആര്‍ ഉപയോഗിച്ച് പരീക്ഷിച്ചപ്പോള്‍, മിക്കതും പരാജയപ്പെട്ടു. 13 ബ്രാന്‍ഡുകളില്‍ മൂന്ന് എണ്ണം മാത്രമാണ് എന്‍എംആര്‍ പരീക്ഷണത്തില്‍ വിജയിച്ചത്. സഫോള, മാര്‍ക്ക്‌ഫെഡ് സോഹ്ന, നേച്ചേഴ്‌സ് നെക്ടര്‍ എന്നിവ എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ തേനിന്റെ വിപണി വിഹിതം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാല്‍കൃഷ്ണ വിശേഷിപ്പിച്ചു.