പാക്കറ്റ് പാലി​ന്റെ വിൽപ്പനയിൽ വർധനവ്; ലോക്ക്ഡൗൺ കാലത്ത് ആളുകൾ പായ്ക്കറ്റ് പാൽ വാങ്ങി കൂട്ടുന്നു; പാൽ വിതരണ കമ്പനികളുടെ ഓഹരികൾ 90 ശതമാനം ഉയർന്നു

April 21, 2020 |
|
News

                  പാക്കറ്റ് പാലി​ന്റെ വിൽപ്പനയിൽ വർധനവ്; ലോക്ക്ഡൗൺ കാലത്ത് ആളുകൾ പായ്ക്കറ്റ് പാൽ വാങ്ങി കൂട്ടുന്നു; പാൽ വിതരണ കമ്പനികളുടെ ഓഹരികൾ 90 ശതമാനം ഉയർന്നു

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പാൽ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇതിനെ തുടർന്ന് വിപണിയിലെ പ്രധാന പാൽ വിതരണക്കാരായ ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡിന്റെയും പാരാഗ് മിൽക്ക് ഫുഡ്സ് ലിമിറ്റഡിന്റെയും വിപണി മൂല്യം ഏകദേശം ഇരട്ടിയായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്ക്ഡൗണിനെ അതിജീവിക്കാൻ ആളുകൾ പായ്ക്കറ്റ് പാൽ വാങ്ങി സംഭരിക്കാൻ തുടങ്ങിയതോടെയാണ് വിൽപ്പന ഇരട്ടിയായത്.

പാൽ ഉൽപാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. ചായ, കാപ്പി എന്നിവ ധാരാളമായി കുടിക്കുന്നവരാണ് പൊതുവേ ഇന്ത്യക്കാർ. അതുപോലെ തന്നെ പാലുൽപ്പന്നങ്ങളായ നെയ്യ്, തൈര്, കോട്ടേജ് ചീസ് തുടങ്ങിയയവും ദൈനംദിന പാചകത്തിലും ഉപയോഗിക്കുന്നു. കൊറോണ വൈറസ് ഭയത്തിനിടയിൽ പാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതിനാലാകാം ആളുകൾ പാൽ വാങ്ങിക്കൂട്ടുന്നതെന്ന് ചില വിശകലന വിദഗ്ധർ പറയുന്നു.

കൊറോണ വൈറസ് വ്യാപാനം ചെറുക്കാനുള്ള സമഗ്രമായ ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുകയും ഭക്ഷണവും മറ്റ് ചില അവശ്യവസ്തുക്കളും ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവയ്ക്കുകയും ചെയ്ത മാർച്ച് 24 ന് ശേഷമാണ് പാൽ വിതരണ കമ്പനികളുടെ ഓഹരികൾ 90 ശതമാനം ഉയർന്നത്. ലോക്ക്ഡൗണിനിടെ ഹെറിറ്റേജ് ഫുഡ്സ് 93 ശതമാനവും പാരാഗ് മിൽക്ക് ഫുഡ്സ് 84 ശതമാനവും നേട്ടമുണ്ടാക്കി.

പായ്ക്കറ്റ് പാലിന്റെ വിതരണം 15 ശതമാനം മുതൽ 20 ശതമാനം വരെ ഉയർന്നതായാണ് കണക്കാക്കുന്നത്. മധുരപലഹാരങ്ങൾ പോലുള്ള സാധനങ്ങൾ ഉത്പാദിപ്പിക്കാൻ അടുത്തിടെ ഉപയോഗിച്ചിരുന്ന പാൽ ഇപ്പോൾ ദൈനംദിന ഉപഭോഗത്തിലേക്ക് മാറിയിട്ടുണ്ട്. പാലിന്റെ ആവശ്യം നിരന്തരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ഈ ലാഭം ക്ഷയിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2014 മുതൽ ഇന്ത്യയിൽ പാൽ ഉൽപാദനം 6 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. 2019 ലെ 187.8 ദശലക്ഷത്തിൽ നിന്ന് 2022 സാമ്പത്തിക വർഷത്തോടെ ഉത്പാദനം 254.5 ദശലക്ഷം ടണ്ണായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved