ഇന്ത്യയുടെ ഉരുക്ക് കയറ്റുമതി ആറു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ചൈനയിലേക്ക് വന്‍ കയറ്റുമതി

September 01, 2020 |
|
News

                  ഇന്ത്യയുടെ ഉരുക്ക് കയറ്റുമതി ആറു വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍;  ചൈനയിലേക്ക് വന്‍ കയറ്റുമതി

ഇന്ത്യയുടെ ഉരുക്ക് കയറ്റുമതി ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതില്‍. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ രാജ്യത്തു നിന്നുള്ള ഉരുക്ക് കയറ്റുമതി ഇരട്ടിയിലധികം രേഖപ്പെടുത്തി. ഇന്തോ - ചൈനാ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെയും ചൈനീസ് വ്യാപാരികള്‍ ഇന്ത്യയില്‍ നിന്നും കാര്യമായി ഉരുക്ക് വാങ്ങിയത് കയറ്റുമതിയെ സ്വാധീനിച്ചു. ഇക്കാലയളവില്‍ ഉരുക്കിന് നിരക്ക് കുറഞ്ഞതും വില്‍പ്പനയ്ക്ക് ഗുണമായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ ഉരുക്കിന് ഡിമാന്‍ഡ് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കെട്ടിക്കിടന്ന ഉരുക്ക് വിറ്റഴിക്കാന്‍ ഇന്ത്യയിലെ വ്യാപാരികള്‍ നിരക്ക് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. ഇതിന് പിന്നാലെ വിദേശത്തു നിന്നും ഉരുക്കിന് ആവശ്യക്കാരേറി.

ഇതേസമയം, ഇത്തരത്തിലുള്ള വില്‍പ്പന ഏതെങ്കിലും തരത്തില്‍ വ്യാപാര നിയമങ്ങള്‍ ലംഘച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ചൈന അയേണ്‍ ആന്‍ഡ് സ്റ്റീല്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്തായാലും നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ഇന്ത്യന്‍ കമ്പനികളെല്ലാം ചേര്‍ന്ന് 4.64 മില്യണ്‍ ടണ്‍ വരുന്ന ഉരുക്ക് ഉത്പന്നങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തുമായി വിറ്റത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ വില്‍പ്പന 1.93 മില്യണ്‍ ടണ്ണിന്റേത് മാത്രമായിരുന്നു. നിലവില്‍ ടാറ്റ സ്റ്റീല്‍ ലിമിറ്റഡും ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡുമാണ് രാജ്യത്തെ പ്രധാന ഉരുക്ക് കമ്പനികള്‍.

ഇത്തവണ ഇന്ത്യ കയറ്റുമതി ചെയ്ത 4.64 മില്യണ്‍ ടണ്‍ ഉരുക്കില്‍ 1.37 മില്യണ്‍ ടണ്‍ വിയറ്റ്നാം വാങ്ങി. 1.3 മില്യണ്‍ ടണ്‍ ഉരുക്ക് ചൈനയും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ഉരുക്ക് ചൈന ഇന്ത്യയില്‍ നിന്നും വാങ്ങുന്നത്. ഇതുവരെ വിയറ്റ്നാം മാത്രമായിരുന്നു ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ഉരുക്ക് ഇറക്കുമതി ചെയ്തിരുന്നത്. ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യന്‍ നിര്‍മ്മിത ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. പക്ഷെ ഇപ്പോള്‍ ചൈനയും ഇന്ത്യയില്‍ നിന്നും ഉരുക്ക് വാങ്ങാന്‍ മത്സരിക്കുകയാണ്.

ഉരുക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് ചൈനയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉരുക്ക് ഇറക്കുമതി ചെയ്യേണ്ട സ്ഥിയിലാണ് ചൈനയുള്ളത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടണ്ണിന് 50 ഡോളര്‍ ഡിസ്‌കൗണ്ടിലാണ് ഇന്ത്യന്‍ കമ്പനികള്‍ ചൈനയ്ക്ക് ഉരുക്ക് വില്‍ക്കുന്നത്. അതായത് ടണ്ണിന് 430 മുതല്‍ 450 ഡോളര്‍ വരെ വിലനിലവാരം. നിലവില്‍ ഒരു ടണ്‍ ഉരുക്കിന് 500 ഡോളറാണ് ചൈനീസ് നിര്‍മ്മാതാക്കള്‍ ഈടാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved