പുതുവര്‍ഷത്തില്‍ യൂണീകോണായി മാറുന്ന നാലാമത്തെ സ്റ്റാര്‍ട്ടപ്പായി ഡാര്‍വിന്‍ ബോക്സ്

January 25, 2022 |
|
News

                  പുതുവര്‍ഷത്തില്‍ യൂണീകോണായി മാറുന്ന നാലാമത്തെ സ്റ്റാര്‍ട്ടപ്പായി ഡാര്‍വിന്‍ ബോക്സ്

2022ല്‍ യൂണീകോണായി മാറുന്ന നാലാമത്തെ സ്റ്റാര്‍ട്ടപ്പായി ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാര്‍വിന്‍ ബോക്സ്. സോഫ്റ്റ് വെയര്‍ സേവന രംഗത്ത് നിന്നുള്ള (മെമ)െ ഈ വര്‍ഷത്തെ ആദ്യ യുണീകോണും ഡാര്‍വിന്‍ ബോക്സ് ആണ്. സീരീസ് ഡി റൗണ്ടില്‍ 72 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുട മൂല്യം ഒരു ബില്യണിലെത്തി. ഇതുവരെ 110 മില്യണ്‍ ഡോളറാണ് ഫണ്ടിംഗിലൂടെ ഈ സ്റ്റാര്‍ട്ടപ്പ് സമാഹരിച്ചത്.

ജയന്ത് പാലേതി, രോഹിത് ചെന്നമനേനി, ചൈതന്യ പെഡ്ഡി എന്നിവര്‍ ചേര്‍ന്ന് 2015ല്‍ ഹൈദരാബാദ് ആസ്ഥാനമായാണ് ഡാര്‍വിന്‍ ബോക്സ് സ്ഥാപിച്ചത്. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍, ശമ്പളം, പുതിയ ജീവനക്കാരുടെ നിയമനം തുടങ്ങിയവ ഡിജിറ്റലായി ഏകോപിപ്പിക്കുന്ന എച്ച്-ആര്‍ ടെക്ക് സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്. നിലവില്‍ 600ല്‍ അധികം ഉപഭോക്താക്കളും 1.5 മില്യണോളം ജീവനക്കാരും ഡാര്‍വിന്‍ ബോക്സിനുണ്ട്. അദാനി ഗ്രൂപ്പ്, വേദാന്ത, ജെഎസ്ഡബ്ല്യൂ, കാര്‍സ്24, ക്രെഡ് തുടങ്ങിയവര്‍ ഡാര്‍വിന്‍ ബോക്സിന്റെ ഉപഭോക്താക്കളാണ്. കഴിഞ്ഞ വര്‍ഷം 150 പുതിയ കമ്പനികളാണ് ഇവരുടെ സേവനം ഉപയോഗിച്ച് തുടങ്ങിയത്.

അടുത്ത 18 മാസം കൊണ്ട് സൗത്ത് ഇസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ വിപണി മേധാവിത്വം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ വര്‍ഷം തന്നെ യുഎസിലും കമ്പനി പ്രവര്‍ത്തനം ആരംഭിക്കും. യുഎസിലെ പ്രവര്‍ത്തനങ്ങള്‍, ഉല്‍പ്പന്ന നിര വിപുലീകരിക്കല്‍, ജീവനക്കാരെ നിയമിക്കല്‍ തുടങ്ങിയവയ്ക്ക് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഉപയോഗിക്കും. വിപണിയില്‍ എസ്എപി, സെയില്‍സ്ഫോഴ്സ്, ഒറാക്കിള്‍, വര്‍ക്ക്ഡെ തുടങ്ങിയവയുമായാണ് ഡാര്‍വിന്‍ ബോക്സ് മത്സരിക്കുന്നത്. ഐപിഒയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഡാര്‍വിന്‍ ബോക്സ് അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved