
ഡാറ്റാ പാറ്റേണ്‍സ് പ്രാരംഭ ഓഹരി വില്‍പ്പന ഡിസംബര്‍ 14 മുതല്‍ 16 വരെ നടക്കും. പ്രതിരോധ, ബഹിരാകാശ മേഖലയ്ക്ക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ഡാറ്റാ പാറ്റേണ്‍സ്. 588 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്. ഓഫര്‍ ഓഫ് സെയിലിലൂടെ 348 കോടിയുടെ ഓഹരികളും 240 കോടിയുടെ പുതിയ ഓഹരികളും വില്‍ക്കും. 555-585 രൂപയാണ് പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 25 ഓഹരികളുടെയോ അതിന്റെ ഗുണിതങ്ങളായോ ബിഡ് ചെയ്യാവുന്നതാണ്. ആങ്കര്‍ ഇന്‍വസ്റ്റര്‍മാര്‍ക്കുള്ള ബിഡിംഗ് ഡിസംബര്‍ 13ന് ആരംഭിക്കും.
ഓഹരികളുടെ 50 ശതമാനം ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനവും നീക്കിവെച്ചിട്ടുണ്ട്.
ബ്രഹ്മോസിനായി ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റവും ലോഞ്ച് പാഡ് കൗണ്‍ട്ഡൗണ്‍ സംവിധാനവും വികസിപ്പിച്ചത് ഡാറ്റാ പാറ്റേണ്‍സ് ആയിരുന്നു. പ്രീ-ഐപിഒ പ്ലെയ്സ്മെന്റിലൂടെ 10,39,861 ഓഹരികളില്‍ നിന്നായി 60 കോടിയും കമ്പനി സമാഹരിച്ചിരുന്നു.
ബാധ്യതകള്‍ തീര്‍ക്കല്‍, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍, ചെന്നൈയിലെ പ്ലാന്റിന്റെ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കാകും ഐപിഒയിലൂടെ ലഭിക്കുന്ന പണം വിനിയോഗിക്കുക. 2020-21 സാമ്പത്തിക വര്‍ഷം 226.55 കോടി രൂപയാണ് ഡാറ്റാ പാറ്റേണ്‍സിന്റെ വരുമാനം. മുന്‍വര്‍ഷം ഇത് 160.19 കോടിയായിരുന്നു. അറ്റ ലാഭവും 21.05 കോടിയില്‍ നിന്ന് 160.19 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യള്‍ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.