
മുംബൈ: അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം കാഷ്ലെസ് ചികിത്സ സംബന്ധിച്ച് തീരുമാനമറിയിക്കണമെന്ന് ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് ഐആര്‍ഡിഎഐയുടെ നിര്‍ദേശം.
കിടത്തിചികിത്സയുളളവരുടെ അന്തിമ ബില്ല് സ്വീകരിച്ച് ഒരുമണിക്കൂറിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും ഇന്‍ഷുറന്‍സ് റെഗുലേറ്ററുടെ അറയിപ്പില്‍ പറയുന്നു. ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ ഒരുകാരണവശാലും കാലതാമസമുണ്ടാകരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ഇടപെടല്‍.
കാഷ്ലെസ് ചികിത്സയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കുന്നതുവരെ ഡിസ്ചാര്‍ജ് നീട്ടിക്കൊണ്ടുപോകരുത്. ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കി ബെഡ്ഡുകള്‍ ലഭ്യമാക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പോളിസി ഉടമകള്‍ക്ക് വ്യവസ്ഥ പ്രകാരം കോവിഡുമായി ബന്ധപ്പെട്ടോ അല്ലാതെയോഉള്ള കാഷ്ലെസ് ചികിത്സ ലഭ്യമാക്കണമെന്നും നെറ്റ് വര്‍ക്കിലുള്ള ആശുപത്രികളോട് നേരത്തെ ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിരുന്നു. കാഷ്ലെസ് ചികിത്സാസൗകര്യം ചില ആശുപത്രികള്‍ നല്‍കുന്നില്ലെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഇടപെടണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.