
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പത്തിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വയോധികര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ടെത്തേണ്ടതില്ലാത്ത തരത്തില്‍ ക്രമീകരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 10-ന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
മസ്റ്ററിംഗ്, ജീവന്‍രക്ഷാമരുന്നുകള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫ് സഹായം എന്നിവയാണ് ആദ്യഘട്ടത്തിലെ സഹായങ്ങള്‍. ക്രമേണ മറ്റ് സേവനങ്ങളും വീട്ടില്‍ത്തന്നെ ലഭ്യമാക്കാന്‍ നടപടിയുണ്ടാവും. ഓണ്‍ലൈനായി സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ പറ്റാത്തവരുടെ വീട്ടില്‍പോയി അപേക്ഷ വാങ്ങി നല്‍കി തുടര്‍വിവരങ്ങള്‍ വിളിച്ചറിയിക്കും. ഇതിന് സന്നദ്ധസേവാംഗങ്ങളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ വഴി നല്‍കും.
ഒറ്റയ്ക്ക് താമസിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, കാഴ്ചാപരിമിതി അടക്കമുള്ളവര്‍ ഒക്കെ താമസിക്കുന്ന വീടുകളുടെ വിവരങ്ങള്‍ സന്നദ്ധസേവാംഗങ്ങളെ അറിയിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ എത്തിക്കും. ഈ പദ്ധതി ജനുവരി 15-ന് തുടങ്ങും. കളക്ടര്‍മാരും തദ്ദേശസ്ഥാപനങ്ങളും ഇത് ഏകോപിപ്പിക്കും. സാമ്പത്തിക ശേഷിയില്ലാത്ത മികച്ച പഠനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്കായി എമിനന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ എന്ന പരിപാടി തുടങ്ങും.
സാമ്പത്തികശാസ്ത്രജ്ഞര്‍ അടക്കം ലോകത്തെ മികച്ച അക്കാദമിക് വിദഗ്ധര്‍ക്ക് സര്‍ക്കാര്‍ കോളേജുകളിലെ കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കും. പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനും അവസരമൊരുക്കും. വിക്ടേഴ്‌സ് പോലുള്ള ചാനലുകള്‍ വഴി ഇത് സംപ്രേഷണം ചെയ്യും. ആദ്യപരിപാടി ജനുവരിയില്‍ നടക്കും. വാര്‍ഷികവരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള, ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.1000 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.