
കൊച്ചി: കോവിഡ് കരിനിഴല്‍ വീഴ്ത്തിയ 2020ല്‍ ആഗോള തലത്തില്‍ തേയില ഉല്‍പാദനത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെക്കാള്‍ 137.27 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 6012.81 ദശലക്ഷം കിലോഗ്രാമിലെത്തി. 2019ല്‍ 6150.08 ദശലക്ഷം കിലോഗ്രാം ആയിരുന്നു ഉല്‍പാദനം. ചൈനയാണ് 45.56 ശതമാനം വിഹിതവുമായി മുന്നില്‍. രണ്ടാമത് ഇന്ത്യയും. ഇന്ത്യയുടെ വിഹിതം 20.91 ശതമാനമാണ്. എന്നാല്‍, ഇന്ത്യയിലെ മൊത്തം ഉല്‍പാദനം 2019 നെക്കാള്‍ 132.58 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 1257.5 ദശലക്ഷം കിലോഗ്രാമായി.
അതേസമയം, ദക്ഷിണേന്ത്യയില്‍ 3.11 ദശലക്ഷം കിലോഗ്രാമിന്റെ വര്‍ധനയാണുണ്ടായി. ഉല്‍പാദനം 222.1 ദശലക്ഷം കിലോഗ്രാം. കേരളം 2019 നെക്കാള്‍ മെച്ചപ്പെട്ട ഉല്‍പാദന നേട്ടം കൈവരിച്ചു. 60.09 ദശലക്ഷം കിലോഗ്രാമായി. 4.04 ദശലക്ഷം കിലോഗ്രാം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടീ ട്രേഡ് അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ വാര്‍ഷിക യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. തേയില ലേലത്തിനായി ടീ ബോര്‍ഡ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ജപ്പാന്‍ മാതൃകയിലുള്ള ഇ-ഓക്ഷന്‍ സംവിധാനം പുനഃപരിശോധിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ലേല സമ്പ്രദായം മികച്ചതാണെന്നു ചെയര്‍മാന്‍ അപ്പു കുര്യന്‍ പറഞ്ഞു. പുതിയ ചെയര്‍മാനായി തോമസ് ജേക്കബിനെയും (പോബ്‌സ് എന്റര്‍പ്രൈസസ്) വൈസ് ചെയര്‍മാനായി ധര്‍മേഷ് ആര്‍.നഗ്ഡയെയും (ആര്‍ജെ സണ്‍സ്) തിരഞ്ഞെടുത്തു.