
രാജ്യത്തെ വാഹന വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് റബ്ബര്‍ വില വീണ്ടും ഇടിയാന്‍ കാരണമാകുമെന്ന ആശങ്കയില്‍ ഉള്‍പ്പാദകര്‍. ടയര്‍ ഉള്‍പ്പടെ വാഹനത്തിന് ആവശ്യമായ നിരവധി ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് വ്യാപകമായി റബ്ബര്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ആകെ ഉപയോഗിക്കുന്ന റബ്ബറിന്റെ 75-80 ശതമാനവും ഓട്ടോമൊബീല്‍ വിപണിയിലാണ്.
ചൈന റബ്ബര്‍ ഇറക്കുമതി കുറച്ചതും റബ്ബര്‍ വിലയിടിവിന് കാരണമായെങ്കിലും അടുത്ത മാസത്തോടെ കൈയിലെ സ്റ്റോക്ക് തീര്‍ന്ന് ഇറക്കുമതി തുടങ്ങിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു റബ്ബര്‍ ഉല്‍പ്പാദകര്‍. അതോടെ വിലയിലും ഉയര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള നിരാശപ്പെടുത്തുന്ന കണക്കുകള്‍ പ്രതീക്ഷകള്‍ തകിടം മറിക്കുമെന്ന ആശങ്കയിലാണ്.
ആര്‍എസ്എസ് 4 ഗ്രേഡ് റബ്ബറിന് 178.50 ല്‍ നിന്ന് 178 ലേക്ക് വില താഴ്ന്നു. ആര്‍എസ്എസ് 5 ന്റെ വില 177 രൂപയില്‍ നിന്ന് 176 ആയും കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ വിലയില്‍ കാര്യമായ ഇടിവുണ്ടായപ്പോഴും കോട്ടയം ലോക്കല്‍ മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. മഴയെ തുടര്‍ന്ന് ഉല്‍പ്പാദനം കുറഞ്ഞതിലൂടെ ഉണ്ടായ ലഭ്യതക്കുറവാണ് വില കൂടാന്‍ പ്രധാന കാരണമായത്. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ കേരളത്തിലും വില കുറയ്ക്കുമെന്നാണ് ആശങ്ക.