
ഡല്‍ഹി: സ്വകാര്യ പങ്കാളിത്തത്തില്‍ മിലിട്ടറി ഉപകരണ പരീക്ഷണ ശാലകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 400 കോടി രൂപ പ്രതിരോധ മന്ത്രാലയം നിക്ഷേപിക്കുമെന്നാണ് അറിയുന്നത്. ആദ്യഘട്ട പ്രോജക്ടായി ഡ്രോണുകള്‍ ടെസ്റ്റ് ചെയ്യുന്ന സ്ഥാപനമാകും ആരംഭിക്കുക. പ്രതിരോധ രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പുത്തന്‍ ചുവടുവെപ്പെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. മാത്രമല്ല പദ്ധതിയുടെ നടത്തിപ്പിന് വേണ്ട തുകയുടെ 75 ശതമാനം മന്ത്രാലയം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിഫന്‍സ് ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം (ഡിടിഐഎസ്) വ്യവസായ, അസോസിയേഷനുകള്‍ അല്ലെങ്കില്‍ അക്കാദമിയില്‍ നിന്നുള്ള കണ്‍സോര്‍ഷ്യങ്ങള്‍ അടക്കം ഒന്നിച്ച് നിന്ന് പ്രതിരോധത്തിനും എയ്റോസ്പേസ് അനുബന്ധ ഉല്‍പാദനത്തിനുമായി എട്ട് ഗ്രീന്‍ഫീല്‍ഡ് ശ്രേണികള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ആളില്ലാ ആകാശ വിമാനങ്ങള്‍, ഇലക്ട്രോണിക് യുദ്ധം, സോഫ്റ്റ് വെയര്‍ പരിശോധന, സ്‌ഫോടന പരിശോധന, പ്രത്യേക ഡ്രൈവിംഗ് ട്രാക്കുകള്‍, കപ്പല്‍ ചലന പരിശോധന എന്നിവ ഇതിലുണ്ടാകും. പൊതുമേഖലാ യൂണിറ്റുകളും സൈനിക യൂണിറ്റുകളും രാജ്യത്തുടനീളം സ്ഥാപിച്ച ടെസ്റ്റ് ലാബുകളില്‍ ലഭിക്കുന്നതിനേക്കാള്‍ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകുമെന്നാണ് സൂചന.