
ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സഹായവുമായി ഡല്‍ഹി സര്‍ക്കാര്‍. നിലവിലെ സാഹചര്യങ്ങളില്‍ അവര്‍ നേരിടാനിടയുള്ള സാമ്പത്തിക ഞെരുക്കങ്ങള്‍ കണക്കിലെടുത്ത് ഓട്ടോറിക്ഷാ ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും 5,000 രൂപ സഹായം നല്‍കാന്‍ ഡല്‍ഹി മന്ത്രിസഭ തീരുമാനിച്ചു. ഇ-റിക്ഷകള്‍, ടാക്‌സികള്‍, ഫാറ്റ് ഫാറ്റ് സേവ, പരിസ്ഥിതി സൗഹൃദ സേവാ, ഗ്രാമിന്‍ സേവാ, പബ്ലിക് സര്‍വീസ് ബാഡ്ജ് (ഡ്രൈവര്‍മാര്‍) കൈവശമുള്ള മാക്‌സി കാബ് ഡ്രൈവര്‍മാര്‍ എന്നിവരും ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നു.
1.56 ലക്ഷത്തിലധികം ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 78 കോടി രൂപ ധനസഹായമായി ചെലവഴിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ''2020 പദ്ധതിയുടെ ഗുണഭോക്താക്കള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 5,000 രൂപ നേരിട്ട് ആധാര്‍ ലിങ്കുചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും,'' സര്‍ക്കാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിലവില്‍ 2.80 ലക്ഷത്തിലധികം പിഎസ്വി ബാഡ്ജ് ഉടമകളും 1.90 ലക്ഷം പെര്‍മിറ്റ് ഹോള്‍ഡര്‍മാരുമുണ്ട്. ഡല്‍ഹി ഗതാഗത വകുപ്പ് ഇതിനാവശ്യമായ ബജറ്റ് വ്യവസ്ഥകള്‍ ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് എല്ലാ പൊതുസേവന വാഹനങ്ങളുടെയും പിഎസ്വി ബാഡ്ജ്, പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകളുടെ സാധുത 2020 മാര്‍ച്ച് മുതല്‍ ഇടയ്ക്കിടെ നീട്ടിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.