
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വീടുവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസം. വില കുറയും എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് എമ്പാടും എന്നത് പോലെ രാജ്യ തലസ്ഥാനത്തും റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കൊവിഡ് പ്രതിസന്ധി തന്നെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടേയും നട്ടെല്ലൊടിച്ചത്. ഇതിനെ മറികടക്കാനുള്ള ചില നടപടികളാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിന് വേണ്ടി റെസിഡന്‍ഷ്യല്‍/ കമേഴ്സ്യല്‍/ ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടികളുടെ സര്‍ക്കിള്‍ റേറ്റ്സ് വെട്ടിക്കുറച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 20 ശതമാനം ആണ് സര്‍ക്കിള്‍ റേറ്റ് കുറച്ചിരിക്കുന്നത്. ഇതൊരു സ്ഥിരം സംവിധാനമായിട്ടല്ല സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ആറ് മാസത്തേക്കാണ് സര്‍ക്കിള്‍ റേറ്റിലെ ഇളവ്. റിയല്‍ എസ്റ്റേറ്റിലെ എല്ലാ മേഖലകള്‍ക്കും ഇത് ബാധകമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വസ്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.
സര്‍ക്കിള്‍ റേറ്റ്സ് കുറച്ചതിനെ റിയല്‍ എസ്റ്റേറ്റ് മേഖലയും സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് വസ്തുവകകളുടെ വില കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. അങ്ങനെ വന്നാല്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കും എന്നതാണ് ഇവരുടെ പ്രതീക്ഷ. ഒരു വസ്തു ഇടപാട് നടത്തുന്നതിനായി നിശ്ചയിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയാണ് സര്‍ക്കിള്‍ റേറ്റ്. കേരളത്തിലെ ന്യായവില പോലെ തന്നെ ആണിത്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഈ വില നിശ്ചയിക്കുന്നത്. വിപണിയിലെ മൂല്യ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സര്‍ക്കിള്‍ റേറ്റുകള്‍ പുന:ക്രമീകരിക്കാറുണ്ട്.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന ന്യായവിലയുടെ എത്രയോ ഇരട്ടിയായിരിക്കും ഡല്‍ഹി പോലുള്ള സ്ഥലങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മൂല്യം. എന്നിരുന്നാലും രജിസ്ട്രേഷന്‍ അടക്കമുള്ള നടപടികളുടെ ചെലവ് കുറയ്ക്കാന്‍ ഇത് സഹായകമാകും. ഡല്‍ഹി സര്‍ക്കാര്‍ നടപടിയോടെ റിയല്‍ എസ്റ്റേറ്റ് മേഖല രാജ്യതലസ്ഥാനത്ത് പുതിയ ഊര്‍ജ്ജം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.