ഡല്‍ഹിയില്‍ എംഎല്‍എമാരുടെ ശമ്പളത്തില്‍ വര്‍ധന; പുതുക്കിയ ശമ്പളം അറിയാം

May 07, 2022 |
|
News

                  ഡല്‍ഹിയില്‍ എംഎല്‍എമാരുടെ ശമ്പളത്തില്‍ വര്‍ധന;  പുതുക്കിയ ശമ്പളം അറിയാം

ഡല്‍ഹി എംഎല്‍എമാര്‍ക്ക് ആശ്വാസം. ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ശമ്പള വര്‍ധന. മറ്റ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമെ 90,000 രൂപയായി ആണ് ശമ്പളം ഉയര്‍ത്തിയത്. അതേസമയം മറ്റ് സംസ്ഥാനങ്ങളേ അപേക്ഷിച്ച് ഈ ശമ്പളം കുറവാണ് എന്നാണ് എംഎല്‍എമാരുടെ പരാതി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലെയും എംഎല്‍എമാര്‍ക്ക് ഏകദേശം രണ്ട് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളവുമായി തുക താരതമ്യം ചെയ്യണമെന്നാണ് ആവശ്യം.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയെ തുടര്‍ന്നാണ് ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്. എംഎല്‍എമാരുടെ ആകെ ശമ്പളം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായി ആണ് ഉയരുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുന്നതോടെ അടിസ്ഥാന ശമ്പളം 12,000 രൂപയില്‍ നിന്ന് 30,000 രൂപയായി ഉയരും. ടെലിഫോണ്‍ ബില്‍, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായുള്ള അലവന്‍സുകള്‍ പരിഷ്‌കരിക്കാനും കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

നിയോജക മണ്ഡലത്തിനായും മറ്റു ചെലവുകള്‍ക്കായും കൊടുക്കുന്ന പണവും ഉയരും. 2011ല്‍ ആണ് നേരത്തെ ശമ്പളം വര്‍ദ്ധിപ്പിച്ചത്. 2015ല്‍ ശമ്പള വര്‍ദ്ധനക്ക് കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു. എംഎല്‍എമാര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ വേറെയുമുണ്ട്.

തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എമാര്‍ ആണ് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരില്‍ മുന്നിലുള്ളത്. തെലങ്കാന നിയമസഭ എംഎല്‍എമാര്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപ ശമ്പളം നല്‍കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ പ്രതിമാസ ശമ്പളത്തുക 1.98 ലക്ഷം രൂപയാണ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ജനപ്രതിനിധികള്‍ക്ക് പ്രതിമാസം 1.90 ലക്ഷം രൂപ നല്‍കുമ്പോള്‍ ഹരിയാന 1.55 ലക്ഷം രൂപ നല്‍കുന്നുണ്ട്. രാജസ്ഥാനില്‍1.42 ലക്ഷം രൂപയും, ബിഹാറില്‍ 1.30 ലക്ഷം രൂപയുമാണ് ശമ്പളം. അതേസമയം ത്രിപുരയിലാണ് ഏറ്റവും കുറഞ്ഞ ശമ്പളം. 34,000 രൂപയാണ് കുറഞ്ഞ ശമ്പളത്തുക.

അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം 30,000 രൂപ ലഭിക്കുന്നു. 8000 രൂപ ഇന്ധന ചെലവായി ലഭിക്കും. ജീവിതത്തിലുടനീളം സൗജന്യ റെയില്‍വേ പാസും മെഡിക്കല്‍ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ എംഎല്‍എമാരുടെ ശരാശരി ശമ്പളം 125 ശതമാനത്തിനടുത്താണ് വര്‍ധിപ്പിച്ചത്.

Read more topics: # എംഎല്‍എ,

Related Articles

© 2025 Financial Views. All Rights Reserved