ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയില്‍ വന്‍ വര്‍ധനവ്; 3 വര്‍ഷത്തിനിടെ ഇരട്ടിയിലധികം ഉയര്‍ച്ച

March 16, 2021 |
|
News

                  ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകതയില്‍ വന്‍ വര്‍ധനവ്; 3 വര്‍ഷത്തിനിടെ ഇരട്ടിയിലധികം ഉയര്‍ച്ച

ന്യൂഡല്‍ഹി: വില കുറയുകയും വര്‍ധിച്ച സര്‍ക്കാര്‍ പിന്തുണയും മൂലം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അതിവേഗം വര്‍ധിക്കുന്നുവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കനുസരിച്ച് ഇ-വാഹന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി ലോക്‌സഭയിലെ ഇ-വാഹനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഭാര വ്യവസായ സഹമന്ത്രി അര്‍ജുന്‍ രാജ് മേഘ്വാള്‍ പറഞ്ഞു.

2017-18ല്‍ ഇന്ത്യയില്‍ 69,012 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റപ്പോള്‍, അതിന്റെ എണ്ണം 2018-19ല്‍ 143,358 യൂണിറ്റായി ഉയര്‍ന്നു. 2019-20ല്‍ വീണ്ടും 167,041 യൂണിറ്റായി ഉയര്‍ന്നു. ഇരുചക്രവാഹനങ്ങള്‍, ത്രീ വീലറുകള്‍, ബസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങളും ഐസിഇ (ഇന്റേണല്‍ കംബ്യൂഷന്‍ എഞ്ചിന്‍) വാഹനങ്ങളും തമ്മിലുള്ള ചെലവ് വ്യത്യാസം കുറയ്ക്കുന്നതിന് ഫെയിം ഇന്ത്യ സ്‌കീമിന്റെ രണ്ടാം ഘട്ടത്തിലൂടെ ഡിമാന്‍ഡ് ഇന്‍സെന്റീവുകള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മറ്റ് നിരവധി നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു; ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജറുകള്‍ / ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നിവയ്ക്കുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.   

മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി വൈദ്യുതിയെ 'സേവനം' എന്ന നിലയില്‍ വില്‍ക്കാന്‍ വൈദ്യുതി മന്ത്രാലയം അനുമതി നല്‍കി. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളിലേക്ക് വലിയ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇത് വലിയ പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved