
രാജ്യത്ത് എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളോടുള്ള (ഇടിഎഫ്) നിക്ഷേപ താല്‍പര്യം വര്‍ധിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ആകെ മ്യൂചല്‍ ഫണ്ടുകളുടെ 2.2 ശതമാനം മാത്രമായിരുന്ന ഇടിഎഫുകള്‍ 2020-ന്റെ ആദ്യ ത്രൈമാസത്തില്‍ 9.1 ശതമാനമായി വര്‍ധിച്ചുവെന്ന് എസ് ആന്റ് പി ഡോ ജോണ്‍സിന്റെ ദക്ഷിണേഷ്യാ മേധാവി കോയല്‍ ഘോഷ് ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള നിക്ഷേപത്തിന്റെ സ്ഥാനത്ത് പരോക്ഷ നിക്ഷേപങ്ങള്‍ കൂടി പരിഗണിക്കാനുള്ള താല്‍പര്യമാണിതു കാണിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ഇത്തരത്തിലുള്ള 57 പദ്ധതികളിലായി വെറും രണ്ടു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപങ്ങള്‍ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ 86 പദ്ധതികളിലായി 25 ബില്യണ്‍ മൂല്യമുള്ള നിക്ഷേപങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
വൈവിധ്യവല്‍ക്കരണം അടക്കം പല നേട്ടങ്ങളും നല്‍കുന്നതു കൂടിയാണ് ഇടിഎഫ് പദ്ധതികളിലെ നിക്ഷേപങ്ങള്‍. ഇപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ നഷ്ടസാധ്യത കുറക്കുന്നതില്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഏറെ പ്രസക്തിയുമുണ്ടെന്ന് കോയല്‍ ഘോഷ് പറഞ്ഞു.