
കൊച്ചി: രാജ്യാന്തര തേയില ദിനത്തില്‍ നടന്ന ലേലത്തില്‍ സ്‌പെഷല്‍ തേയില ഇനങ്ങള്‍ക്ക് കിലോഗ്രാമിന് 220 രൂപ വരെ വില. ലോക്ഡൗണ്‍ കഴിഞ്ഞ് തേയിലത്തോട്ടങ്ങള്‍ തുറന്നപ്പോള്‍ തേയില വില കിലോ 124 രൂപ വരെ എത്തിയിരുന്നു. നിലവില്‍ ദക്ഷിണേന്ത്യന്‍ തേയിലയ്ക്ക് ശരാശരി 107 രൂപയാണു വില. കയറ്റുമതിയുടെ ഡിമാന്‍ഡില്‍ കാര്യമായ ഇടിവുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും റഷ്യന്‍ ഫെഡറേഷനിലും ആവശ്യം കുറഞ്ഞു. അതിഥിത്തൊഴിലാളികള്‍ വ്യാപകമായി നാട്ടില്‍ പോയതോടെ ഉത്തരേന്ത്യയിലാകെ ചായകുടിയും തേയില ആവശ്യവും കുറയുകയാണുണ്ടായത്. വഴി വക്കിലെ ചായ വില്‍പ്പനയുടെ വലിയൊരു ഭാഗം അതിഥിത്തൊഴിലാളികള്‍ക്കായിരുന്നെന്നതാണു കാരണം.
അതിനാല്‍ സംഭരണകേന്ദ്രങ്ങളില്‍ തേയില നിറഞ്ഞുകിടക്കുകയാണ്.ഇക്കൊല്ലം നടപ്പാക്കിയ വേതനവര്‍ധനയും ചേരുമ്പോള്‍ തേയില കിലോഗ്രാമിന് 151 രൂപ ഉത്പാദനച്ചെലവുണ്ടെന്ന് ഉല്‍പാദകര്‍ പറയുന്നു. വേതനത്തില്‍ 52 രൂപയായിരുന്നു വര്‍ധന. ആനുകൂല്യങ്ങളെല്ലാം ചേര്‍ത്ത് തോട്ടങ്ങളില്‍ ദിവസക്കൂലി 630 രൂപയാണ്.ഇന്നലെ പൊടിത്തേയിലയ്ക്ക് 20 രൂപ വരെയും ഇലത്തേയിലയ്ക്ക് 40 രൂപ വരെയും അധിക വില കിട്ടി. ചില അപൂര്‍വയിനം ഓര്‍ത്തഡോക്‌സ് തേയിലയ്ക്ക് കിലോ 300 രൂപ വരെ എത്തി. ആകെ 10,000 കിലോഗ്രാം സ്‌പെഷല്‍ തേയില മാത്രമാണു ലേലത്തിനുവച്ചത്.