ദീപാവലിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ വിപണികള്‍ ഒരുങ്ങുന്നു; ആധിപത്യം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്; ചൈനീസ് വിരുദ്ധത കാറ്റിലലിഞ്ഞു

November 10, 2020 |
|
News

                  ദീപാവലിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ വിപണികള്‍ ഒരുങ്ങുന്നു; ആധിപത്യം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്; ചൈനീസ് വിരുദ്ധത കാറ്റിലലിഞ്ഞു

ദീപാവലിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ വിപണികള്‍ ഒരുങ്ങിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹോള്‍സെയില്‍ മാര്‍ക്കറ്റായ ഭാഗിരാ പാലസില്‍ ദീപാവലി തിരക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. വില കുറഞ്ഞ ചൈനീസ് വിളക്കുകളും മറ്റും നിറഞ്ഞിരിക്കുകയാണ് ദീപാവലിക്കാലത്ത് ഈ മാര്‍ക്കറ്റില്‍.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് എതിരെയുളള നീക്കത്തിന്റെ ഭാഗമായി ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രചാരണം നടന്നിരുന്നു. ബോയ്കോട്ട് ചൈന എന്ന പേരില്‍ സോഷ്യല്‍ മീഡിയ ആ ക്യാംപെയ്ന്‍ ഏറ്റെടുക്കുകയുണ്ടായി. മാത്രമല്ല സ്വദേശീയമായ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആത്മനിര്‍ഭര്‍ഭാരത് എന്ന പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു.

അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുമ്പോഴും വിപണിയില്‍ ചൈനീസ് ഉല്‍പ്പനങ്ങളുടെ കുത്തക തന്നെയാണ് ഈ ദീപാവലിക്കാലത്ത് ദൃശ്യമാകുന്നത്. അലങ്കാര വിളക്കുകളും എല്‍ഇഡി ബള്‍ബുകളും ഇലക്ട്രിക് ലൈറ്റുകളും പേപ്പര്‍ വിളക്കുകളും മറ്റ് പല വിധത്തിലുളള ദീപാവലി അലങ്കാര വിളക്കുകളും മെയ്ഡ് ഇന്‍ ചൈന സ്റ്റിക്കറുകളോടെ വിപണിയില്‍ നിറഞ്ഞിരിക്കുന്നത് കാണാം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വലിയ തിരക്കും ദൃശ്യമാണ്. കുറഞ്ഞ വില തന്നെയാണ് അതിനുളള പ്രധാന കാരണം.

ചൈനീസ് ഉല്‍പ്പനങ്ങളുടെ ലോകത്തെ പ്രധാന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ആത്മനിര്‍ഭര്‍ഭാരതിന്റെ ഭാഗമായി തദ്ദേശീയമായ കമ്പനികളുടെ ഉല്‍പ്പനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് ഉല്‍പ്പനങ്ങളും ഫാര്‍മസ്യൂട്ടിക്കള്‍ ഉല്‍പ്പന്നങ്ങളും അടക്കമുളളവയുടെ ഉത്പാദനത്തിന് ഇന്ത്യന്‍ കമ്പനികള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ വിലകുറഞ്ഞ ഉല്‍പ്പനങ്ങളുടെ കാര്യം വരുമ്പോള്‍ ഇപ്പോഴും വിപണി ഭരിക്കുന്നത് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ തന്നെയാണ്.

ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങളോട് തന്നെയാണ് താല്‍പര്യമെന്നും എന്നാല്‍ വിലയുടെ കാര്യം വരുമ്പോള്‍ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് തിരഞ്ഞെടുക്കേണ്ടി വരുന്നതെന്ന് ആളുകള്‍ പറയുന്നു. ഒരു രാത്രിയിലേക്ക് മാത്രം വേണ്ടി വരുന്ന ദീപാവലി വിളക്കുകള്‍ക്കും മറ്റ് അലങ്കാര ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി വലിയ തുക ചിലവാക്കുന്നത് എന്തിനെന്ന് ചോദ്യമാണ് ആളുകള്‍ ഉയര്‍ത്തുന്നത്. ഒരു ചൈനീസ് നിര്‍മ്മിത ലൈറ്റിന് 45 രൂപ മാത്രമാകുമ്പോള്‍ ഇന്ത്യന്‍ നിര്‍മ്മിത വിളക്കിന് വേണ്ടി വരുന്നത് 130 രൂപ വരെയാണ്. ഇതാണ് ആളുകള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പിറകേ പോകാനുളള കാരണം.

Related Articles

© 2025 Financial Views. All Rights Reserved