
ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ് കരാര്‍ കേസില്‍ രാജ്യാന്തര ട്രൈബ്യൂണലുകള്‍ തങ്ങള്‍ക്കനുകൂലമായി വിധിച്ച 1.2 ബില്യണ്‍ യുഎസ് ഡോളര്‍ (8900 കോടി) ഈടാക്കാന്‍ വിദേശത്തെ ഇന്ത്യന്‍ ആസ്തികള്‍ പിടിച്ചെടുക്കുന്നത് തുടരുമെന്ന് ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയ. ഈ വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതിയുടെ വിധി തങ്ങളെ ബാധിക്കില്ലെന്നും മോദി സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയാറാവുകയാണ് വേണ്ടതെന്നും ദേവാസ് അഭിഭാഷകനും ആഗോള നിയമ സ്ഥാപനമായ ഗിബ്‌സണ്‍, ഡണ്‍ ആന്‍ഡ് ക്രച്ചര്‍ പാര്‍ട്ണറുമായ മാത്യു. ഡി. മക്ഗില്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) വിപണന വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്‍, ദേവാസ് മള്‍ട്ടി മീഡിയയുമായി 2005ലുണ്ടാക്കിയ സാറ്റലൈറ്റ് സ്‌പെക്ട്രം കൈമാറ്റ കരാര്‍ 2011ല്‍ ഇന്ത്യ റദ്ദാക്കിയതാണ് നിയമതര്‍ക്കത്തിന് കാരണമായത്. ദേവാസിന് 12 വര്‍ഷത്തേക്ക് സ്‌പെക്ട്രം ലീസിന് നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
എന്നാല്‍, സ്വകാര്യ കമ്പനിയായ ദേവാസിന് സ്‌പെക്ട്രം അനുവദിച്ചത് ദേശസുരക്ഷക്ക് ഭീഷണിയായേക്കുമെന്ന സൂചനയെതുടര്‍ന്ന് ഇന്ത്യ കരാര്‍ റദ്ദാക്കി. ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞര്‍ അടക്കം നിയന്ത്രിക്കുന്ന സ്ഥാപനമായ ദേവാസുമായുള്ള ഇടപാടില്‍ സാമ്പത്തിക തിരിമറിയുണ്ടോയെന്നും ആശങ്ക ഉയര്‍ന്നു. ഇതേതുടര്‍ന്ന്, സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തി. തുടര്‍ന്നായിരുന്നു കരാര്‍ റദ്ദാക്കല്‍.
അതേസമയം, കരാറില്‍ നിന്ന് ആന്‍ട്രിക്‌സ് പിന്മാറിയതിനെതിരെ ഇന്റര്‍നാഷനല്‍ ചേംബര്‍ ഓഫ് കോമേഴ്‌സിനെ (ഐസിസി) സമീപിച്ച ദേവാസിന് അനുകൂല വിധി ലഭിച്ചു. ദേവാസില്‍ മൊറീഷ്യസ്, ജര്‍മന്‍ നിക്ഷേപകരുള്ളതിനാല്‍ ഇന്ത്യ-മൊറീഷ്യസ്, ഇന്ത്യ-ജര്‍മനി ഉഭയകക്ഷി കരാര്‍ പ്രകാരവും കേസ് നടന്നു.
ഇതിലും വിധി ഇന്ത്യക്കെതിരായി. അതിനിടെ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി), സുപ്രീംകോടതി എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യക്ക് അനുകൂല വിധിയും ലഭിച്ചു. ദുരുദ്ദേശ്യത്തോടെയാണ് ദേവാസ് ആന്‍ട്രിക്‌സുമായി കരാറുണ്ടാക്കിയത് എന്നായിരുന്നു എന്‍.സി.എല്‍.ടി കണ്ടെത്തല്‍. ഇതിനെതിരെ ദേവാസ് അപ്പീല്‍ നല്‍കിയെങ്കിലും എന്‍സിഎല്‍ടി ആദ്യ ഉത്തരവ് ശരിവെച്ചു. തുടര്‍ന്ന് ദേവാസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ വിധിയില്‍ എന്‍സിഎല്‍ടി ഉത്തരവ് സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി കമ്പനി പ്രതിനിധി രംഗത്തുവന്നത്.
വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാമെന്നും അന്താരാഷ്ട്ര കോടതികളില്‍ ഇന്ത്യയുടെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും മക്ഗില്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പാരിസ്, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്വത്തുക്കളില്‍ അനുകൂല കോടതി വിധികളും അതത് രാജ്യങ്ങളില്‍നിന്ന് ദേവാസ് നേടിയിട്ടുണ്ട്.