
ഫാസ്റ്റ് ഫുഡ് മേജര്‍മാരായ പിസ്സ ഹട്ട്, കെഎഫ്‌സി, കോസ്റ്റാ കോഫി എന്നിവയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായ ദേവയാനി ഇന്റര്‍നാഷണലിന്റെ ഐപിഒക്ക് തുടക്കമായി. വെള്ളിയാഴ്ച വരെയാണ് ഐപിഒ ലഭ്യമാകുക. 86-90 രൂപ പ്രൈസ് ബാന്‍ഡിലാണ് ഐപിഒ നടക്കുന്നത്. കുറഞ്ഞത് 165 ഓഹരികളുള്ള ഒരു ലോട്ടായോ (14,850 രൂപ) അതിന്റെ മടങ്ങുകളായോ പരമാവധി 2,145 ഓഹരികളുള്ള 13 ലോട്ടായോ അപേക്ഷിക്കാവുന്നതാണ്. 1838 കോടിയുടെ ഐപിഒയില്‍ 440 കോടിയുടെ പുതിയ ഇഷ്യു, 1389 ഒഎഫ്എസ് എന്നിങ്ങനെയാകും വില്‍പ്പന.
ഭക്ഷണപാനീയ രംഗത്തെ പ്രമുഖരായ പെപ്‌സികോയുടെ ഏറ്റവും വലിയ ബോട്ട്ലിംഗ് പങ്കാളിയായ ആര്‍ജെ കോര്‍പ്പിന്റെ അസോസിയേറ്റ് കമ്പനിയാണ് ദേവയാനി ഇന്റര്‍നാഷണല്‍. യം ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയാണ്. പിസ്സ ഹട്ട്, കെഎഫ്‌സി, കോസ്റ്റാ കോഫി തുടങ്ങിയവയുടെ ഫ്രാഞ്ചൈസിയും വാങ്കോ, ഫുഡ് സ്ട്രീറ്റ്, മസാല ട്വിസ്റ്റ്, ഐല്‍ ബാര്‍, അമ്രെലി, ക്രുഷ് ജ്യൂസ് ബാര്‍ തുടങ്ങിയ സ്വന്തം ബ്രാന്‍ഡുകളും കമ്പനിയുടെ കീഴിലൂണ്ട്.
കമ്പനിയുടെ ജീവനക്കാര്‍ക്കായുള്ള 5.50 ലക്ഷം ഇക്വിറ്റി ഷെയറുകളുടെ റിസര്‍വേഷന്‍ ഐപിഒയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഇഷ്യു വലുപ്പത്തിന്റെ 75 ശതമാനം യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ വാങ്ങുന്നവര്‍ക്കും (ക്യുഐബി) 15 ശതമാനം സ്ഥാപനേതര വാങ്ങുന്നവര്‍ക്കും ബാക്കി 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. പുതിയ ഇഷ്യുവില്‍നിന്നുള്ള നിന്നുള്ള വരുമാനം കടവും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് ഉപയോഗിക്കുക. 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം നിലവില്‍, ദേവയാനി ഇന്റര്‍നാഷണലിന് കീഴില്‍ 297 പിസ്സ ഹട്ട് സ്റ്റോറുകളും 264 കെഎഫ്‌സി സ്റ്റോറുകളും 44 കോസ്റ്റാ കോഫിയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ആര്‍ജെ കോര്‍പ്പിന്റെ പ്രൊമോട്ടറായ രവി കാന്ത് ജയ്പുരിയയും പ്രസിഡന്റും സിഇഒയുമായ വിരാഗ് ജോഷിയുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.