
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച മുന്നേറ്റത്തിലെ വലിയ അവസരം പ്രയോജനപ്പെടുത്തുന്നതിന് യുഎസ് കമ്പനികളെയും വായ്പ ദാതാക്കളെയും നിക്ഷേപകരായി രാജ്യത്തേക്ക് ക്ഷണിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എണ്ണ, വാതക പര്യവേക്ഷണ രംഗത്ത് ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 118 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാനും യുഎസ് ഊര്‍ജ്ജ സെക്രട്ടറി ഡാന്‍ ബ്രോള്ളിലെറ്റും കഴിഞ്ഞ ദിവസം നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ വ്യവസായതല യോ?ഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് എനര്‍ജി കൂട്ടായ്മ സംഘടിപ്പിച്ച വ്യവസായതല ആശയവിനിമയത്തിനും മന്ത്രി പ്രത്യേകം അധ്യക്ഷത വഹിച്ചു.
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലും കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലും ആഗോള ഊര്‍ജ്ജ വിപണികളെ സുസ്ഥിരമാക്കുന്നതിലും ഇന്ത്യയും യുഎസും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഊര്‍ജ്ജമേഖലയില്‍ ഇന്ത്യന്‍-അമേരിക്കന്‍ കമ്പനികള്‍ തമ്മില്‍ സഹകരണ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അത് പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതി വാതക മേഖലയിലെ സഹകരണം മുന്‍ഗണനാ മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിലെ പര്യവേക്ഷണ, ഉല്‍പാദന മേഖലയില്‍ നയ പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ട്രാറ്റജിക് എനര്‍ജി പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് സംസാരിച്ച പ്രധാന്‍ പറഞ്ഞു.