
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ഡീസലിന് ലിറ്ററിന്മേല്‍ രണ്ടു രൂപ കൂടും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെട്രോളിനും വിലയേറും. എത്തനോളോ ജൈവ ഡീസലോ കലര്‍ത്താതെ വില്‍ക്കുന്ന ഇന്ധനത്തിന് അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്താന്‍ കേന്ദ്രബജറ്റിലുള്ള നിര്‍ദേശം മൂലമാണിത്. പതിവു വര്‍ധനകള്‍ക്ക് പുറമെയായിരിക്കും ഇത് നടപ്പില്‍ വരിക.
കരിമ്പില്‍ നിന്നും ഭക്ഷ്യധാന്യങ്ങളില്‍ നിന്നും എടുക്കുന്ന എത്തനോള്‍ 10 ശതമാനം കലര്‍ത്തിയാണ് പെട്രോള്‍ ഇപ്പോള്‍ നല്‍കിവരുന്നത്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുകയാണ് ലക്ഷ്യം. കര്‍ഷകര്‍ക്കാകട്ടെ, അധിക വരുമാനം ലഭിക്കുകയും ചെയും. എത്തനോള്‍ ചേര്‍ത്ത പെട്രോളാണ് രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വില്‍ക്കുന്നത്. വിതരണത്തിലെ സാങ്കേതിക തടസ്സങ്ങളാണ് മറ്റിടങ്ങളില്‍ പ്രശ്‌നം.
ഭക്ഷ്യ ഇതര എണ്ണക്കുരുക്കളില്‍ നിന്ന് എടുക്കുന്ന ബയോഡീസല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡീസലില്‍ ചേര്‍ത്തു വരുന്നു. ഇങ്ങനെ ചെയ്യാത്ത ഇന്ധനത്തിന് രണ്ടു രൂപ അധിക എക്‌സൈസ് തീരുവ ഒക്ടോബര്‍ ഒന്നു മുതല്‍ ചുമത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലായിടത്തും ഇന്ധനത്തില്‍ എത്തനോളോ ബയോ ഡീസലോ കലര്‍ത്താന്‍ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല.
അതേസമയം റേഷന്‍, വളം, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വന്‍തോതില്‍ വെട്ടിക്കുറച്ചാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. നടപ്പു വര്‍ഷം 39 ശതമാനമാണ് ഈ വിഹിതത്തില്‍ കുറവ് വന്നത്. ബജറ്റില്‍ വകയിരുത്തിയത് 7.07 ലക്ഷം കോടി രൂപയായിരുന്നെങ്കിലും വെട്ടിക്കുറച്ചതിനുശേഷം ആകെ നല്‍കിയ സബ്‌സിഡി 4.33 ലക്ഷം കോടി രൂപ മാത്രമാണ്. അടുത്ത വര്‍ഷം സബ്‌സിഡിയില്‍ 27 ശതമാനം കൂടി കുറവു വരും. ഇതോടെ 3.17 ലക്ഷം കോടിയാകും. പെട്രോളിയം സബ്‌സിഡി 38,455 കോടി രൂപയില്‍ നിന്ന് 6517 കോടി രൂപ മാത്രമായി. അടുത്ത വര്‍ഷം ഇത് 5813 കോടി രൂപയായി കുറക്കും.