ഡിജിറ്റല്‍ പേമെന്റുകള്‍ പൂര്‍വ്വാവസ്ഥയിലേക്ക് മടങ്ങി; ഇടപാടുകളില്‍ വര്‍ധനവ്

July 01, 2020 |
|
News

                  ഡിജിറ്റല്‍ പേമെന്റുകള്‍ പൂര്‍വ്വാവസ്ഥയിലേക്ക് മടങ്ങി; ഇടപാടുകളില്‍ വര്‍ധനവ്

എണ്ണത്തിലും മൂല്യത്തിലും ലോക്ഡൗണിന് മുമ്പത്തെ നിലയിലേക്ക് തിരികെയെത്തി ഡിജിറ്റല്‍ പേമെന്റുകള്‍. 1.51 ലക്ഷം കോടി രൂപ മതിക്കുന്ന 99 കോടി ഇടപാടുകളാണ് ഏപ്രിലില്‍ നടന്നതെങ്കില്‍ ജൂണില്‍ നടന്നത് 142 കോടി ഇടപാടുകളാണ്. മൂല്യം 2.31 ലക്ഷം കോടി രൂപയും.

ബിസിനസിലും ഇതര രംഗങ്ങളിലും പ്രവര്‍ത്തനം പുനരാരംഭിച്ചതിന്റെയും സാമൂഹിക അകലം പാലിക്കാനുള്ള താല്‍പ്പര്യത്തിന്റെയും പ്രതിഫലനമാണ് ഡിജിറ്റല്‍ പേമെന്റുകളിലെ വളര്‍ച്ചയിലുള്ളതെന്ന് ബാങ്ക് ഓഫീസര്‍മാര്‍ പറയുന്നു.

യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയുള്ള ഡിജിറ്റല്‍ പേമെന്റുകള്‍ ലോക്ഡൗണ്‍ മൂലം ഏപ്രിലില്‍ 60 ശതമാനം ഇടിഞ്ഞിരുന്നു. മേയില്‍ 2.18 ലക്ഷം കോടി രൂപ മതിക്കുന്ന 123 കോടി ഇടപാടുകള്‍ നടന്നുവെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. രാജ്യത്തുടനീളമായി ഫെബ്രുവരിയില്‍ നടന്നത് 2.22 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകള്‍ ആയിരുന്നു.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള പേമെന്റുകള്‍ ലോക്ക്ഡൗണിന് മുമ്പത്തേതിന്റെ 70-80 ശതമാനത്തിലേക്ക് തിരിച്ചെത്തിയെന്ന് ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ കാര്‍ഡ്‌സ്, ആര്‍.ബി.എല്‍ ബാങ്ക് എന്നിവ വ്യക്തമാക്കി. യൂട്ടിലിറ്റി പേമെന്റുകള്‍, മൊബൈല്‍ റീചാര്‍ജിംഗ്, ഓണ്‍ലൈന്‍ ഗ്രോസറി, ഇ-ഷോപ്പിംഗ്,  നികുതി അടയ്ക്കല്‍ രംഗങ്ങളിലെല്ലാം ഡിജിറ്റല്‍ മുന്നേറ്റമുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved