
ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിന്റെ സൂചനകള്‍ നല്‍കി ഡിജിറ്റല്‍ പെയമെന്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ്(യുപിഐ), ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ്(ഐഎംപിഎസ്), നാഷണല്‍ ഇലക്ട്രോണക് ടോള്‍ കളക്ഷന്‍(എന്‍ഇടിസിസി), ഭാരത് ബില്‍ പെയ്മെന്റ് സിസ്റ്റം(ബിബിപിഎസ്) എന്നിവവഴിയുള്ള ഇടപാടുകളിലാണ് മെയ് മാസത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയത്.
മാര്‍ച്ചില്‍ 2.06 ലക്ഷംകോടി രൂപയുടെ ഇടപാടുകള്‍ നടന്നസ്ഥാനത്ത് മെയ് മാസത്തിലെത്തിയപ്പോള്‍ യുപിഐ ഇടപാടുകള്‍ 2.18 ലക്ഷം കോടിയായി ഉയര്‍ന്നു. ഏപ്രില്‍മാസത്തില്‍ 1.51 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐവഴി നടന്നത്. ഇടപാട് മൂല്യത്തില്‍ 45ശതമാനമാണ് വര്‍ധന.
ഐഎംപിഎസ് വഴി മെയ് മാസത്തില്‍ 1.69 ലക്ഷംകോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഏപ്രിലിലാണെങ്കില്‍ ഇത് 1.22 ലക്ഷംകോടിമാത്രമായിരുന്നു. മാര്‍ച്ചിലാണെങ്കില്‍ 2.01 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഐഎംപിഎസ് വഴി നടന്നത്.