പ്രത്യക്ഷ നികുതി അറ്റ സമാഹരണം 9.45 ലക്ഷം കോടി രൂപയിലെത്തി

April 09, 2021 |
|
News

                  പ്രത്യക്ഷ നികുതി അറ്റ സമാഹരണം 9.45 ലക്ഷം കോടി രൂപയിലെത്തി

ന്യൂഡല്‍ഹി: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ പ്രത്യക്ഷ നികുതി പിരിവിന്റെ അറ്റ സമാഹരണം 9.45 ലക്ഷം കോടി രൂപയിലെത്തി. കേന്ദ്ര ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണിത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായ റീഫണ്ടുകള്‍ നല്‍കിയിട്ടും ആദായനികുതി വകുപ്പിന് പുതുക്കിയ എസ്റ്റിമേറ്റ് മറികടക്കാന്‍ കഴിഞ്ഞുവെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ചെയര്‍മാന്‍ പി സി മോഡി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് നികുതിയിലെ അറ്റ സമാഹരണം 4.57 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയിലെ അറ്റ സമാഹരണം 4.71 ലക്ഷം കോടി രൂപയുമാണ്. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സില്‍ (എസ്ടിടി) നിന്നാണ് ബാക്കിയുള്ള 16,927 കോടി രൂപ സമാഹരിച്ചിട്ടുള്ളത്.

2020-21ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യം 9.05 ലക്ഷം കോടി രൂപയായിരുന്നു. ഇതിനേക്കാള്‍ 5 ശതമാനം കൂടുതല്‍ സമാഹരിക്കാനായെങ്കിലും 2019-20ലെ പ്രത്യക്ഷ നികുതി സമാഹരണത്തേക്കാള്‍ 10 ശതമാനം കുറവാണിത്. നികുതി പാലിക്കല്‍ നടപടികള്‍ ലഘൂകരിക്കുന്നതിനും മികച്ച നികുതിദായക സേവനങ്ങള്‍ നല്‍കുന്നതിനും ധാരാളം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവില്‍ ഇത് പ്രതിഫലിച്ചുവെന്നും മോഡി പറഞ്ഞു.   

നടപ്പ് സാമ്പത്തിക വര്‍ഷത്തിലും നികുതി പിരിവില്‍ ഇതേ മനോഭാവം തുടരുമെന്നാണ് ആദായ നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നികുതി സമാഹരണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കൊറോണയ്ക്ക് മുമ്പുള്ള തലത്തിലേക്ക് നികുതി സമാഹരണം എത്തിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തില്‍ വീണ്ടെടുപ്പ് ശക്തമാകുമെന്നും സ്ഥിരത പ്രകടമാകുമെന്നുമാണ് വ്യാവസായിക ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതും പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കനക്കുന്നതും ഇതില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.

Read more topics: # നികുതി, # Direct tax,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved