
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ഓഹരി വിപണിയിലെ ചിത്രവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മിച്ച ആഗോള ദ്രവ്യത ലോകമെമ്പാടും ആസ്തി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓഹരി വിപണി കുതിക്കുന്നതിന് പിന്നിലെ കാരണവുമിതുതന്നെ. എന്നാല്‍ ഇന്ത്യന്‍ സൂചികകള്‍ മായിക ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെവരണം. ഓഹരി വിപണിയില്‍ തിരുത്തല്‍ അനിവാര്യമാണ്. എന്തായാലും രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര ബാങ്ക് സ്വീകരിക്കുമെന്ന് ശക്തികാന്ത ദാസ് വെള്ളിയാഴ്ച്ച വ്യക്തമാക്കി.
ഇന്ത്യയില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഈ 'പ്രതിഭാസം' കണ്ടുവരുന്നുണ്ട്. പണ്യലഭ്യത കൂട്ടാന്‍ കേന്ദ്ര ബാങ്കുകള്‍ എടുക്കുന്ന നടപടി സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും തമ്മിലെ അന്തരം വര്‍ധിപ്പിക്കുന്നു, ഒരു ദേശീയ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. നിലവിലെ സ്ഥിതി മാനിച്ച് പണ്യലഭ്യത കൂട്ടാനെടുക്കുന്ന തീരുമാനങ്ങള്‍ ഓഹരി വിപണിയുടെ കുതിപ്പിന് കാരണമാവുകയാണ്. എന്നാല്‍ സമീപഭാവിയില്‍ത്തന്നെ തിരുത്തല്‍ സംഭവിക്കാം. സാമ്പത്തിക മേഖലയുടെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് റിസര്‍വ് ബാങ്ക് രാജ്യത്തെ സാമ്പത്തികച്ചിത്രം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര ബാങ്ക് കൈക്കൊള്ളും, ശക്തികാന്ത ദാസ് അറിയിച്ചു.
കൊവിഡ് ഭീതിയില്‍ സമ്പദ്രംഗം തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ ആഗോള തലത്തില്‍ ഏകദേശം 6 ലക്ഷം കോടി ഡോളര്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് ഇതുവരെ ഇറക്കിക്കഴിഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മാനിച്ച് മിക്കയിടത്തും പലിശ നിരക്ക് പൂജ്യത്തോട് ചേര്‍ന്നുനില്‍ക്കുകയാണ്. കൊവിഡ് കാലത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊണ്ട നടപടിയും മറ്റൊന്നല്ല. രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ റിസര്‍വ് ബാങ്ക് അടിയന്തരമായി ഇടപെട്ട് പണലഭ്യത ഉറപ്പാക്കി. മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 10 ലക്ഷം കോടിയോളം രൂപ റിസര്‍വ് ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത് കാണാം.
നേരത്തെ, റിസര്‍വ് ബാങ്കിന്റെ ധനനയ സമിതിയും സമാന ആശങ്ക പങ്കുവെച്ചിരുന്നു. സമ്പദ്രംഗവും ഓഹരി വിപണിയും തമ്മിലെ വിച്ഛേദനം വിപണിയില്‍ അസന്തുലനം സൃഷ്ടിക്കും. ഇന്ത്യയെ പോലെ സാമ്പത്തികമായി വളര്‍ന്നുവരുന്ന രാജ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ഓഗസ്റ്റ് ആറിന് ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി വിലയിരുത്തി.
നിലവില്‍ ഇതുവരെ എന്‍എസ്ഇ നിഫ്റ്റി സൂചിക 37 ശതമാനവും ബിഎസ്ഇ സെന്‍സെക്സ് സൂചിക 35 ശതമാനവും നേട്ടം കൊയ്തത് കാണാം. മാര്‍ച്ച് അവസാനവും ഏപ്രില്‍ തുടക്കത്തിലും തകര്‍ന്നടിഞ്ഞതൊഴിച്ചാല്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ കുതിക്കുകയാണ്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഓഹരി വിപണി വന്‍മുന്നേറ്റം നടത്തുകയുണ്ടായി. അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ച്ച ഓഹരി വിപണി കുറിച്ചതും ഇക്കാലത്തുതന്നെ. വെള്ളിയാഴ്ച്ച 214 പോയിന്റ് ഉയര്‍ന്ന് 38,432.72 എന്ന നിലയ്ക്കാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 1 മുതല്‍ ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 15,300 കോടിയോളം രൂപ ഇന്ത്യന്‍ ഓഹരികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യവും ഇവിടെ പരാമര്‍ശിക്കണം.
ഇതേസമയം, റേറ്റിങ് ഏജന്‍സികളും സാമ്പത്തിക നിരീക്ഷകരും ഇന്ത്യയുടെ ആദ്യപാദ ജിഡിപി വളര്‍ച്ച 20 ശതമാനം കുറയുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തായാലും ഓഗസ്റ്റ് 31 -ന് വായ്പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയ മൊറട്ടോറിയം ആനുകൂല്യം അവസാനിക്കും. ശേഷം സെപ്തംബര്‍ ആദ്യവാരം ബിസിനസ് വായ്പാ പ്രമേയത്തില്‍ കാമത്ത് കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ കേന്ദ്ര ബാങ്ക് പരിശോധിക്കും. സെപ്തംബര്‍ ആറോടെ പുതിയ വായ്പാ പ്രമേയവും ചട്ടങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. 1,500 കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസ് വായ്പകള്‍ കാമ്മത്ത് കമ്മിറ്റിയുടെ പരിഗണനയിലായിരിക്കും വരിക. ചില്ലറ വായ്പാ പ്രമേയങ്ങള്‍ ബാങ്ക് ബോര്‍ഡുകള്‍ പരിശോധിക്കും.