
കൊവിഡ് മൂന്നാം തരംഗത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2022 ജനുവരിയില്‍ 43 ശതമാനം ഇടിഞ്ഞ് 64 ലക്ഷമായി. സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ വിമാനയാത്രയില്‍ നിന്ന് യാത്രക്കാരെ അകറ്റിയെന്ന് ഐസിആര്‍എ ചൊവ്വാഴ്ച പറഞ്ഞു. 2021 ഡിസംബറില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 112 ലക്ഷമായിരുന്നു.
മാര്‍ച്ച് പാദത്തില്‍ വീണ്ടെടുക്കല്‍ പ്രക്രിയ മന്ദഗതിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെറ്റ് ഇന്ധന വില ഈ മേഖലയെ പിന്നോട്ടടിക്കുന്നത് തുടരുമെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു. 2021 ജനുവരിയില്‍ ആഭ്യന്തര വിമാനക്കമ്പനികളുടെ പ്രാദേശിക റൂട്ടുകളിലൂടെ സഞ്ചരിച്ച 77 ലക്ഷം യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം 17 ശതമാനം കുറവുണ്ടായതായി ഐസിആര്‍എ പറഞ്ഞു.
കൂടാതെ, 2022 ജനുവരിയില്‍ എയര്‍ലൈനുകളുടെ ശേഷിയില്‍ 7 ശതമാനം ഇടിവുണ്ടായി. 2021ലെ അനുബന്ധ മാസത്തില്‍ രേഖപ്പെടുത്തിയ 67,877 സര്‍വീസുകളില്‍ നിന്ന് 62,979 സര്‍വീസുകളായി ചുരുങ്ങി. ജനുവരിയിലെ സര്‍വീസുകളുടെ എണ്ണം 27 ശതമാനം കുറവാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. പുതിയ കൊവിഡ് 19 വകഭേദം വലിയ തിരിച്ചടിയാണ് വ്യോമയാന മേഖലയ്ക്കുണ്ടാക്കിയത്.
കോര്‍പ്പറേറ്റ് ട്രാവലര്‍ സെഗ്മെന്റില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയുന്നതിനൊപ്പം വിനോദ യാത്രാ വിഭാഗത്തെ ബാധിക്കുന്ന അനുബന്ധ നിയന്ത്രണങ്ങളും പുതിയ ഓമിക്റോണിന്റെ ആവിര്‍ഭാവത്തോടെയുണ്ടായി. 2022 ജനുവരിയില്‍ തുടര്‍ച്ചയായ വീണ്ടെടുക്കല്‍ ഇടിഞ്ഞതായി ഐസിആര്‍എ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ സുപ്രിയോ ബാനര്‍ജി പറഞ്ഞു.
2021-22 ഏപ്രില്‍-ജനുവരി കാലയളവില്‍ യാത്രക്കാരുടെ തിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം കുറവായിരുന്നു എന്നതും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയിലെ ഒരു പ്രധാന ആശങ്ക ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയാണ്. 2022 ഫെബ്രുവരി വരെ വാര്‍ഷികാടിസ്ഥാനത്തില്‍ 59.9 ശതമാനം കുത്തനെ വര്‍ദ്ധനയുണ്ടായി. വിമാനക്കമ്പനിയുടെ താരതമ്യേന കുറഞ്ഞ ശേഷി ഉപയോഗത്തോടൊപ്പം, ഈ വിലയും ആഭ്യന്തര വിമാനക്കമ്പനികളുടെ സാമ്പത്തിക പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.