
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട ഇന്ത്യന്‍ വ്യോമഗതാഗത രംഗം പതിയെ പൂര്‍വ സ്ഥിതിയിലേക്ക് വളരുന്നു. നവംബര്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ 20 ശതമാനം വര്‍ധനവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കൂടുതല്‍ യാത്രക്കാരെ അനുവദിച്ച കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് ഡിജിസിഎയുടെ കണക്ക് വ്യക്തമാക്കുന്നു.
നവംബര്‍ മാസത്തില്‍ 63.5 ലക്ഷം പേരാണ് വിമാനങ്ങളില്‍ യാത്ര ചെയ്തത്. ഒക്ടോബറി ഇത് 52.7 ലക്ഷം പേരായിരുന്നു. എന്നാല്‍ 2019 നവംബര്‍ മാസത്തെ അപേക്ഷിച്ച് 51 ശതമാനം ഇടിവാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ വിമാനത്തിലെ സീറ്റുകളില്‍ 70 ശതമാനം സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചതാണ് ഈ വര്‍ധനവിന് കാരണം. ഡിസംബര്‍ മാസത്തില്‍ ഇത് 80 ശതമാനമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിസംബറിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.