
മുംബൈ: കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തെ വ്യോമഗതാഗത മേഖലയെ വീണ്ടും ബാധിച്ചു തുടങ്ങി. ഏപ്രില്‍ മാസത്തില്‍ 29 ശതമാനമാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവെന്ന് റേറ്റിങ് ഏജന്‍സിയായ ഇക്ര രേഖപ്പെടുത്തിയിരിക്കുന്നു.
ഏപ്രില്‍ മാസത്തില്‍ 55 ലക്ഷത്തിനും 56 ലക്ഷത്തിനും ഇടയിലാണ് യാത്രക്കാരുണ്ടായിരുന്നത്. മാര്‍ച്ചില്‍ 78 ലക്ഷം പേര്‍ യാത്ര ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗവും യാത്ര നിയന്ത്രണങ്ങളുമാണ് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് ഇക്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ സെപ്തംബറിന് ശേഷം ആദ്യമായി മെയ് മൂന്നിന് ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. 2021 ഫെബ്രുവരിക്ക് ശേഷം വിമാനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. മാര്‍ച്ചില്‍ 2300 വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഏപ്രില്‍ മാസത്തില്‍ 2000 ആയി കുറഞ്ഞു. 2021 ഏപ്രില്‍ മാസത്തില്‍ വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 93 ആണ്. മാര്‍ച്ചില്‍ ഇത് 109 ആയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.