ലക്ഷ്യം വച്ച വീണ്ടെടുക്കല്‍ സാധ്യമാകാതെ വ്യോമയാന വ്യവസായം; വീണ്ടെടുക്കല്‍ 45 ശതമാനം മാത്രം

August 06, 2020 |
|
News

                  ലക്ഷ്യം വച്ച വീണ്ടെടുക്കല്‍ സാധ്യമാകാതെ വ്യോമയാന വ്യവസായം; വീണ്ടെടുക്കല്‍ 45 ശതമാനം മാത്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമയാന വ്യവസായം പ്രതിസന്ധിയില്‍ തന്നെ തുടരുന്നു. കേന്ദ്രം പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷവും കോവിഡിനു മുമ്പുള്ള സര്‍വീസുകളുടെ 45 ശതമാനം മാത്രമാണ് വീണ്ടെടുക്കാനായത്. നിലവില്‍ കാരിയറുകള്‍ക്ക് പ്രാദേശികമായി ഒരു ദിവസം 1,500 ഫ്‌ലൈറ്റുകള്‍ അല്ലെങ്കില്‍ കോവിഡിന് മുമ്പുള്ള പ്രതിദിന ഓട്ടത്തിന്റെ 45% പറക്കാന്‍ കഴിയും. എന്നാല്‍ ശരാശരി 60% സീറ്റുകള്‍ നിറഞ്ഞ 750-800 വിമാന സര്‍വീസുകള്‍ എയര്‍ലൈന്‍സ് തുടരുന്നു. ഉയര്‍ന്ന ചെലവുകളുള്ള ഒരു വ്യവസായത്തെ സംബന്ധിച്ച് ഇത് ഒട്ടും നല്ല അടയാളമല്ല.

കോവിഡ് -19 ന്റെ ഭയം കാരണം ആളുകള്‍ വിമാനങ്ങള്‍ തെരഞ്ഞെടുക്കുന്നില്ല. ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ഏകപക്ഷീയമായ ലോക്ക്ഡൗണും ക്വാറന്റൈന്‍ മാനദണ്ഡങ്ങളും വിമാനം എടുക്കുന്നതില്‍ നിന്ന് ആളുകളെ കൂടുതല്‍ നിരുത്സാഹപ്പെടുത്തുന്നതായി മുതിര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ട് മാസത്തെ ലോക്ക്ഡൗണിനുശേഷം മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചെങ്കിലും കോവിഡിനു മുമ്പുള്ള 33% സര്‍വീസുകളാണ് വീണ്ടെടുക്കാന്‍ ആദ്യം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നത്. എന്നാല്‍ 33% പോലും പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ എയര്‍ലൈന്‍സിന് കഴിഞ്ഞില്ല.

ജൂണ്‍ രണ്ടാം പകുതിയില്‍, വിമാനങ്ങളുടെ എണ്ണം മൂന്നിലൊന്ന് വര്‍ദ്ധിപ്പിച്ച് കോവിഡ് -19 ന് മുമ്പുള്ള നിലയുടെ 45 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ വിമാനക്കമ്പനികളെ അനുവദിച്ചു. ഇത് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനക്കമ്പനികളെ നയിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അത് സംഭവിച്ചില്ല. നിലവില്‍ മൊത്തം ദൈനംദിന ഫ്‌ലൈറ്റുകളുടെ എണ്ണം 750 മുതല്‍ 800 വരെയാണ്. കൂടാതെ ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ ക്വാട്ട പോലും എയര്‍ലൈന്‍സ് ഉപയോഗിച്ചിട്ടില്ല.

വ്യവസായ വിശകലന വിദഗ്ധര്‍ ഈ മേഖലയുടെ ദീര്‍ഘകാല പുനരുജ്ജീവനത്തെക്കുറിച്ച് പ്രവചിച്ചുകൊണ്ടിരിക്കെ, ഈ വര്‍ഷം നവംബറോടെ പുനരുജ്ജീവനമുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിനും സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved