വിമാന യാത്രകള്‍ ഒഴിവാക്കി ജനം; ടിക്കറ്റ് ബുക്കിങ്ങുകളില്‍ വന്‍ ഇടിവ്; പ്രതിസന്ധി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്

March 10, 2020 |
|
News

                  വിമാന യാത്രകള്‍ ഒഴിവാക്കി ജനം; ടിക്കറ്റ് ബുക്കിങ്ങുകളില്‍ വന്‍ ഇടിവ്; പ്രതിസന്ധി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്

മുംബൈ: ആഭ്യന്തര-വിദേശ വിമാന സര്‍വീസുകളിലെ ടിക്കറ്റ് ബുക്കിങ്ങുകളില്‍ വന്‍ ഇടിവ്. പുതിയ ബുക്കിങ്ങുകളുടെ കാര്യത്തിലും സീറ്റ് ഒക്യുപെന്‍സിയിലും ആഭ്യന്തര സെക്ടറില്‍ 15 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്നാണ് ഈ പ്രതിസന്ധി ഉണ്ടായിരിക്കുന്നതെന്ന് ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍, ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഗുണകരമാണ്. ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് വിദേശ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി വര്‍ധിക്കുന്നതും വിമാനക്കമ്പനികളുടെ വരുമാനം കുറയാനിടയാക്കി. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്തവരടക്കം ഇപ്പോള്‍ വിമാനയാത്രകള്‍ ഒഴിവാക്കുന്നതായാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കാണ് ഈ കുറവുണ്ടായതെന്ന് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. കൊറോണയുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനക്കമ്പനികളെ ഒരു പരിധി വരെ അകറ്റിയ ഒരേയൊരു കാര്യം ആഭ്യന്തര യാത്രയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മേഖലയെയും ബാധിക്കപ്പെടുന്നു. അത് നിരക്കില്‍ കാണാം എന്നും ഒരു എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. പശ്ചിമേഷ്യയില്‍ നിന്നുള്ളവ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പുറപ്പെടുവിച്ച യാത്രാ വിലക്കും മുന്നറിയിപ്പും കാരണം ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന യാത്രകളെ ഇതിനകം ബാധിച്ചിട്ടുണ്ടെന്നും പ്രമുഖ വിദേശ വിമാനക്കമ്പനി ഉന്നതന്‍ അഭിപ്രായപ്പെട്ടു.

Related Articles

© 2025 Financial Views. All Rights Reserved