
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയരും. വിമാന ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ മിനിമം ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നും ഇതിന് കാരണമായത് വിവിധ സംസ്ഥാനങ്ങള്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതാണെന്നും മന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തില്‍ വിമാനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന യാത്രക്കാരുടെ എണ്ണം 80 ശതമാനമായി നിജപ്പെടുത്തി.
കുറേ ദിവസങ്ങളായി വിമാന ഇന്ധനത്തിന്റെ വില ക്രമമായി ഉയരുകയാണെന്നും ഈ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളില്‍ ഉണ്ടായിരിക്കുന്ന വര്‍ധന. മാസത്തില്‍ മൂന്ന് ദിവസം 3.5 ലക്ഷം യാത്രക്കാര്‍ എന്ന സംഖ്യയിലേക്ക് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം എത്തിയാല്‍ അതോടെ വിമാനങ്ങളില്‍ സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണം 100 ശതമാനമാക്കുമെന്നും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.