
കൊറോണ വൈറസ് കൈകാര്യം ചെയ്തതിനെതിരെ ചൈനയോട് പ്രതികാരം ചെയ്യാനുള്ള ഒരു മാര്‍ഗമായി യുഎസില്‍ ടിക് ടോക്ക് എന്ന ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ്. തന്റെ ഭരണകൂടം അത് ഗൗരവമായി പരിഗണിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയുടെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡ് മാതൃ കമ്പനിയായിട്ടുള്ള ആപ്ലിക്കേഷനെ നിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ അഭിപ്രായങ്ങള്‍.
അതേസമയം എടുക്കാന്‍ സാധ്യതയുള്ള തീരുമാനത്തെക്കുറിച്ച് ട്രംപ് സൂചനകളൊന്നും നല്‍കിയില്ല. യുഎസില്‍ 3 ദശലക്ഷം ആളുകളെ ബാധിക്കുകയും 130,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ വൈറസിനെച്ചൊല്ലി ബീജിംഗ് സര്‍ക്കാരുമായി അമേരിക്ക അകല്‍ച്ചയിലാണ്. ടിക്ക് ടോക്കിനെ നിരോധിക്കുന്നതിലൂടെ ചൈനയെ സാമ്പത്തികമായി തളര്‍ത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.