ജിയോ മാത്രമാകുമോ? അഡ്ജസറ്റ് ഗ്രോസ് റവന്യൂവില്‍ നയാപൈസ കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

December 14, 2019 |
|
News

                  ജിയോ മാത്രമാകുമോ? അഡ്ജസറ്റ് ഗ്രോസ് റവന്യൂവില്‍ നയാപൈസ കുറയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്ക്  'അഡ്ജസ്റ്റ് ഗ്രോസ് റവന്യു' വില്‍ ഇളവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍.സുപ്രിംകോടതി നിശ്ചയിച്ച മുഴുവന്‍ തുകയും ടെലികോം കമ്പനികള്‍ അടക്കേണ്ടി വരും. ഒരു രൂപയുടെ കുറവ് പോലും വരുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. എജിആറിലെ പലിശയോ, പിഴയോ, പിഴപ്പലിശയോ കുറയ്ക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.എജിആറില്‍ കേന്ദ്രത്തിന് അടയ്‌ക്കേണ്ട പണത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

വോഡഫോണ്‍ ഐഡിയ 54,000 കോടിയും ഭാരതി എയര്‍ടെല്‍ 43,000 കോടിയുമാണ് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു കണക്കില്‍ കേന്ദ്രത്തിന് നല്‍കേണ്ടത്. ടെലികോം കമ്പനികളാകെ 1.47 ലക്ഷം കോടി നല്‍കേണ്ടതുണ്ട്. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീസുമാണ് എജിആറില്‍ വരുന്നത്. നിലവില്‍ സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാരിലേക്ക് അടക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തുക ടെലികോം കമ്പനികളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വോഡഫോണ്‍ ഇന്ത്യയും എയര്‍ടെല്ലുമാണ് ഇക്കാര്യത്തില്‍ വലിയ തിരിച്ചടി നേരിടുന്നത്. സുപ്രീം കോടതി വിധി അനുകൂലമാകുന്നില്ലെങ്കില്‍ വോഡഫോണ്‍-ഐഡിയ,ഭാരതി എയര്‍ടെല്‍ കമ്പനികള്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയേക്കാം.

Related Articles

© 2025 Financial Views. All Rights Reserved