
ന്യൂഡല്‍ഹി: ചൈനീസ് ടെലികോം കമ്പനിയായ വാവെയ്ക്ക് നേരെ ശക്തമായ ഉപരോധ നീക്കങ്ങളാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നത്. അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ചൈനീസ് ടെലകോം ഭീമനായ വാവെയുമായി പങ്കിടരുതെന്നും, വാവെയുമായുള്ള ഇടപാടുകളില്‍ യുഎസ് ഉത്പ്പന്നങ്ങള്‍ മാറ്റി നിര്‍ത്തണമെന്നാണ് അമേരിക്ക ഇന്ത്യയോട് ഇേേപ്പാള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വ്യാപാര രംഗത്ത് ഇന്ത്യയിലും ചൈനീസ് കമ്പനിയായ വാവെയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കാനുള്ള നീക്കമാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നത്. കഴിഞ്ഞ മാസം മെയ് 27 നാണ് അമേരിക്ക വിദേശ കാര്യ മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കമ്പനി എന്ന നിലയ്ക്കാണ് അമേരിക്ക വാവെയ്ക്ക് നേരെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഉപരോധ നീക്കങ്ങള്‍ നടത്തുന്നത്.
അമേരിക്കന്‍ കമ്പനികളുടെ ടെക് സംവിധാനങ്ങളോ, മറ്റ് ഉപകരണങ്ങളോ വാവെയ്ക്ക് ഇന്ത്യ നല്‍കിയാല്‍ അതിന്റെ പ്രത്യാഘാതം ഇന്ത്യ അനുഭവിക്കണമെന്നാണ് അമേരിക്ക പറയുന്നത്. അതേസമയം അമേരിക്കയുടെ ആവശ്യം ഗൗരവമായിട്ടാണ് ഇന്ത്യ കാണുന്നത്. അന്താരാഷ്ട്ര തലത്തില്‍ വാവെയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക എന്ന അമേരിക്കന്‍ തന്ത്രത്തെ ഇന്ത്യ എങ്ങനെയാണ് സമീപിക്കുകയെന്നതാണ് വ്യാപാരം ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
മെയ് മാസത്തില്‍ പ്രേഗില്‍ നടന്ന ടെലികോം ഉച്ചകോടിയില്‍ നിന്ന് ചൈനയെ മാറ്റി നിര്‍ത്തിയിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ടെലികോം ഉച്ചകോടിയില്‍ നിന്ന് ചൈനയെ ഒഴിവാക്കിയത്. വാവെയ്ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്ന നിയമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുവരിക എന്ന പ്രധാന തന്ത്രമാണ് അമേരിക്ക ഇപ്പോള്‍ നടപ്പിലാക്കുന്നത്.