ഡിപി വേള്‍ഡ് ജെബല്‍ അലി സ്വതന്ത്ര മേഖലയിലെ ഓഹരികള്‍ വിറ്റേക്കും

June 16, 2021 |
|
News

                  ഡിപി വേള്‍ഡ് ജെബല്‍ അലി സ്വതന്ത്ര മേഖലയിലെ ഓഹരികള്‍ വിറ്റേക്കും

ദുബായ്: ദുബായ് ആസ്ഥാനമായ തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ജെബല്‍ അലി സ്വതന്ത്ര മേഖലയിലെ ഓഹരികള്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വിറ്റേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ജെബല്‍ അലി വ്യാപാര മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം മനസിലാക്കുന്നതിനായി ഡിപി വേള്‍ഡ് കണ്‍സള്‍ട്ടന്റുമാരെ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വതന്ത്ര മേഖലയിലെയോ അവിടെയുള്ള ആസ്തികളിലെയോ ഓഹരി വില്‍പ്പന അടക്കമുള്ള സാധ്യതകളാണ് ഡിപി വേള്‍ഡ് പരിഗണിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളോ തന്ത്രപ്രധാന നിക്ഷേപകരോ ഇടപാടില്‍ താല്‍പ്പര്യം അറിയിച്ചേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ എത്ര ഓഹരികള്‍ വില്‍ക്കണമെന്നോ ഏത് ഓഹരികള്‍ വില്‍ക്കണമെന്നോ ഉള്ള കാര്യത്തില്‍ കമ്പനി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.   

ദുബായിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ (എഫ്ഡിഐ) മൂന്നിലൊന്നും എത്തുന്നത് ജബെല്‍ അലി സ്വതന്ത്ര വ്യാപാര മേഖലയിലേക്കാണ്. 2020ല്‍ 24.7 ബില്യണ്‍ ദിര്‍ഹത്തിന്റെ എഫ്ഡിഐ ആണ് ഇവിടെയെത്തിയത്.1980കളില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 8,000ത്തിലധികം കമ്പനികളാണ് ഇവിടെ ഓഫീസുകള്‍ ആരംഭിച്ചത്.

ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡിപി വേള്‍ഡ് ഇവിടുത്തെ ചില ആസ്തികളിലെ ഓഹരികള്‍ വിറ്റഴിക്കാനുള്ള പദ്ധതിയിലാണ്. 2022ഓടെ വരുമാനത്തിന്റെ നാലിരട്ടിയായി ബാധ്യതകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഹരി വില്‍പ്പന അടക്കമുള്ള സാധ്യതകള്‍ ഡി പി വേള്‍ഡ് പരിഗണിക്കുന്നത്. 2014ലാണ് 2.6 ബില്യണ്‍ ഡോളറിന് ഡിപി വേള്‍ഡ് സ്വതന്ത്ര മേഖല നടത്തിപ്പ് ഏറ്റെടുക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved