
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി ഇടപാട് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കിയേക്കും. ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന കണ്ടെത്തലിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ കൊണ്ടുവരാന്‍ പോകുന്നത്.
ക്രിപ്‌റ്റോ കറന്‍സികളായ ബിറ്റ് കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ പരമാവധി 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി കൊണ്ടുവരാന്‍ പോകുന്നത്. ഇടപാടില്‍ പൂര്‍ണമായും ജാമ്യവ്യവസ്ഥകള്‍ എടുത്തുകളയും.
2018ലാണ് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകളെ പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചത്. തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പുതിയ സമിതിയെ നിയോഗിച്ചത്. സാമ്പത്തിക കാര്യ സെക്രട്ടിയായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് സമിതിയുടെ തലപ്പത്തിരിക്കുന്ന പ്രമുഖ വ്യക്തി. സാമ്പത്തിക വിദഗ്ധരും, നിയമ വിദഗ്ധരും, അന്വേഷണ ഏജന്‍കളുടെ പ്രതിനിധികളെയുമാണ് സമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത്.