ഡ്രീം സ്‌പോര്‍ട്‌സിന് 400 ദശലക്ഷത്തിന്റെ പുതിയ നിക്ഷേപവുമായി അമേരിക്കന്‍ കമ്പനികള്‍

March 26, 2021 |
|
News

                  ഡ്രീം സ്‌പോര്‍ട്‌സിന് 400 ദശലക്ഷത്തിന്റെ പുതിയ നിക്ഷേപവുമായി അമേരിക്കന്‍ കമ്പനികള്‍

ഇന്ത്യന്‍ ഫാന്റെസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം സ്‌പോര്‍ട്‌സിന് 400 ദശലക്ഷത്തിന്റെ പുതിയ നിക്ഷേപവുമായി അമേരിക്കന്‍ കമ്പനികള്‍. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ടെക്‌നോളജി ക്രോസ് ഓവര്‍ വെഞ്ചേഴ്‌സ്(ടിസിവി), ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡി വണ്‍ പാര്‍ട്ണര്‍സ് എന്നീ നിക്ഷേപ കമ്പനികളാണ് ഗെയിമിംഗ് മേഖലയിലെ രാജ്യത്തെ ആദ്യ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പായ ഡ്രീം സ്‌പോര്‍ട്‌സിന്റെ പുതിയ നിക്ഷേപകര്‍. ഇതാദ്യമായാണ് ദീര്‍ഘകാലമായി നെറ്റ്ഫ്‌ലിക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടിസിവി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്.

ഡ്രീം സ്‌പോര്‍ട്‌സിന്റെ ആദ്യകാല നിക്ഷേപകരില്‍ ചിലര്‍ ഓഹരി വിറ്റഴിച്ചത് വഴിയാണ് പുതിയ നിക്ഷേപകര്‍ രംഗത്തു വന്നത്. കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 ന്റെ മൂല്യം 2.5 ബില്യണ്‍ ഡോളറാണ്. ആറു മാസം മുന്‍പ് വരെ 2.25 മില്യന്‍ ഡോളര്‍ കമ്പനി സമാഹരിച്ചതായാണ് കണക്കുകള്‍. പുതിയ നിക്ഷേപകര്‍ വന്നതോടുകൂടി ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് യൂണികോണിന് 5 ബില്യണ്‍ ഡോളറിനടുത്ത് വിലമതിക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, ക്രിസ് ക്യാപിറ്റല്‍, ഡിജിപി ഗ്രോത്ത്, സ്റ്റഡ് വ്യൂ ക്യാപിറ്റല്‍ & ഫുട്ട്പാത് തുടങ്ങിയ കമ്പനികള്‍ പുതിയ ഓഹരി നിക്ഷേപത്തിലും പങ്കാളികളായിട്ടുണ്ട്. നവ്‌റോസ് ഉദ്വാഡ്യയുടെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ എഡ്ജ് ക്യാപിറ്റല്‍ ആല്‍ഫാ വേവ് വഴിയാണ് നിക്ഷേപത്തില്‍ പങ്കാളിയായത്. അവന്റെസ് ക്യാപിറ്റല്‍ എന്ന കമ്പനിയായിരുന്നു ഡ്രീം സ്‌പോര്‍ട്‌സിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.

മഹാമാരിയുടെ തുടക്കകാലത്ത് വലിയ തിരിച്ചടികള്‍ നേരിടേണ്ടിവന്ന ഡ്രീം സ്‌പോര്‍ട്‌സിന് കായികമത്സരങ്ങള്‍ പുനരാരംഭിച്ചതോടുകൂടി ആരാധകര്‍ കൂടി. നിലവില്‍ 100 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഫാന്റെസി സ്‌പോര്‍ട്‌സ് യഥാര്‍ത്ഥ കായികമത്സരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ ഗെയിമുകളായാണ് ഡ്രീം സ്‌പോര്‍ട്‌സ് അവതരിപ്പിക്കുന്നത്.

ഡ്രീം സ്‌പോര്‍ട്‌സിന്റെ മറ്റ് ബ്രാന്‍ഡുകളായ ഫാന്‍കോഡ്, ഡ്രീംസെറ്റ്‌ഗോ, ഡ്രീം എക്‌സ് എന്നിവ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഉള്ളടക്കം, വാണിജ്യം, കമ്മ്യൂണിറ്റി എന്നിവയെ യഥാക്രമം സമന്വയിപ്പിക്കുന്ന ഒരു മള്‍ട്ടി-സ്പോര്‍ട്ട് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമാണ് ഫാന്‍കോഡ്. വരുമാനത്തിന്റെ കാര്യത്തില്‍ 90 ശതമാനവും ഡ്രീം 11 ആണ് സംഭാവന ചെയ്യുന്നത്.

Related Articles

© 2025 Financial Views. All Rights Reserved