ഗെയിമിങിലൂടെ ഡ്രീം 11 സ്വന്തമാക്കിയത് 2000 കോടി രൂപയുടെ വരുമാനം

September 22, 2021 |
|
News

                  ഗെയിമിങിലൂടെ ഡ്രീം 11 സ്വന്തമാക്കിയത് 2000 കോടി രൂപയുടെ വരുമാനം

ഇന്ത്യയിലെ ഉപഭോക്തൃ ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍ ലാഭം കൈവരിക്കുന്ന ഏക കമ്പനിയെന്ന് വേണമെങ്കില്‍ ഡ്രീം 11നെ വിശേഷിപ്പിക്കാം. 2020 വര്‍ഷത്തില്‍ ആളുകളെ ഗെയിം കളിപ്പിച്ചു മാത്രം ഈ കമ്പനി കൈവരിച്ചത് 2000 കോടി രൂപയുടെ വരുമാനമാണ്. ഫാന്റസി ഗെയിമിങ് പ്ലാറ്റ്‌ഫോമായ ഡ്രീം 11ന് പിന്നിലെ ശക്തി സ്‌പോര്‍ട്ട ടെക്നോളജീസാണ്. കഴിഞ്ഞ വര്‍ഷം മാത്രം കമ്പനിയുടെ ലാഭം 180.8 കോടി രൂപയാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 87.8 കോടി രൂപ നഷ്ടം വരിച്ച കമ്പനിയാണ്. കോവിഡ് കാലഘട്ടത്തില്‍ വിവിധ രാജ്യാന്തര ഗെയിമുകളെ ആളുകള്‍ക്കു മുമ്പ് അവതരിപ്പിക്കാനായതാണ് കമ്പനിക്കു നേട്ടമായത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.67 മടങ്ങ് വര്‍ധിച്ച് 2,070.4 കോടിയിലെത്തി. 2020 സാമ്പത്തികവര്‍ഷത്തില്‍ ഇത് 775.5 കോടിയായിരുന്നു.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമല്ലാത്തതിനാല്‍ തന്നെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പരസ്യത്തിനായി വന്‍തുകയാണ് സ്‌പോര്‍ട്ട ടെക്നോളജീസ് ചെലവഴിക്കുന്നത്. മറ്റ് ആപ്പ് മാര്‍ക്കറ്റുകള്‍ വഴിയാണ് ഉപയോക്താക്കള്‍ക്കു ഡ്രീം 11 ഡൗണ്‍ലോഡ് ചെയ്യാനാകുക. 2020 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി വരുമാനത്തിന്റെ 71.1 ശതമാനവും ചെലവഴിച്ചതും പരസ്യത്തിനും പ്രമോഷനുമാണ്. 1,328.02 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനി ചെലവഴിച്ചത്. അതേസമയം 2019ല്‍ കമ്പനി പരസ്യത്തിനും പ്രമോഷനുമാനുമായി ചെലവഴിച്ചത് 785.1 കോടി മാത്രമായിരുന്നു. അതേസമയം കമ്പനിയുടെ സ്പോണ്‍സര്‍ഷിപ്പ് ചെലവ് സാമ്പത്തിക വര്‍ഷത്തില്‍ 39 ശതമാനം കുറഞ്ഞ് 100.7 കോടി രൂപയായിലെത്തി.

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി കൂടുതല്‍ തൊഴിലവസരങ്ങള്‍ കമ്പനി സൃഷ്ടിച്ചു. ഇത് ചെലവ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതേത്തുടര്‍ന്നു ജീവനക്കാരുടെ ആനുകൂല്യ ചെലവുകള്‍ 133.6 ശതമാനം ഉയര്‍ന്ന് 153.21 കോടി രൂപയായി. ഡ്രീം 11 ന്റെ സ്‌കെയിലിലെ വളര്‍ച്ചയും സജീവ ഉപയോക്താക്കളുടെ എണ്ണവും ഇടപാട് പ്രോസസ്സിംഗ് ഫീസില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത് സാമ്പത്തിക വര്‍ഷത്തില്‍ 40.12 കോടിയാണ്. വിവര സാങ്കേതികവിദ്യയ്ക്കായാണ് ഡ്രീം 11 രണ്ടാമത് ഏറ്റവും കൂടുതല്‍ ചെലവാക്കിയിരിക്കുന്നത്. കമ്പനിയുടെ വാര്‍ഷിക ചെലവുകളുടെ 12.3 ശതമാനവും(230.5 കോടി) ഈ വിഭാഗത്തിലാണ്. വാര്‍ഷികടിസ്ഥാനത്തില്‍ ഈ ചെലവിലുണ്ടായ വര്‍ധന 5.7 മടങ്ങാണ്. ഇന്‍ഷുറന്‍സ് ഇനത്തില്‍ കമ്പനി 38 കോടി രൂപയും നിയമപരമായ ചെലവുകള്‍ക്കായി 11.73 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്.

നിലവില്‍ കമ്പനിക്ക് 850 കോടി ഡോളറിന്റെ മൂല്യം കൈവരിക്കാനാകുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ മാര്‍ച്ചില്‍ ധനസമാഹരണം നടത്തിയപ്പോള്‍ കമ്പനിയുടെ മൂല്യം 500 കോടി ഡോളറായിരുന്നു. പ്രീ- ഐ.പി.ഒയായി ഓഹരികള്‍ വിപണിയിലെത്തുമെന്നാണു വിലയിരുത്തല്‍. അടുത്തവര്‍ഷം യു.എസ് വിപണിയില ലിസ്റ്റ് ചെയ്യാനാണു സാധ്യത. ഇതോടെ മെയ്ക്ക് മൈ ട്രിപ്പിനു ശേഷം അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ ഉപഭോക്തൃ ഇന്റര്‍നെറ്റ് കമ്പനിയായി ഡ്രീം 11 മാറും.

Read more topics: # ഡ്രീം 11, # Dream11,

Related Articles

© 2025 Financial Views. All Rights Reserved